ത്രിപുരയിൽ സിപിഎമ്മിനെ തൂത്തെറിയാന്‍ ബിജെപിക്ക് കഴിഞ്ഞെങ്കില്‍ കേരളത്തിലും നടക്കും: സി പി രാധാകൃഷ്ണന്‍

single-img
29 January 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ സിപിഎമ്മിനെ തൂത്തെറിഞ്ഞ് അധികാരത്തിൽ വരാൻ ബിജെപിക്ക് കഴിഞ്ഞെങ്കിൽ കേരളത്തിലും അക്കാര്യം നടക്കുമെന്ന് സംസ്ഥാന ബിജെപി പ്രഭാരി സിപി രാധാകൃഷ്ണന്‍. കേരളത്തിന്റെ സംസ്‌കാരവും ആചാരങ്ങളും തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ശബരിമലയില്‍ കണ്ടത് അതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ കേരളത്തില്‍ സീറ്റ് വര്‍ദ്ധിപ്പിക്കാനല്ല, എഴുപതിൽ അധികം സീറ്റുകള്‍ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് തൃശ്ശൂരില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു സിപി രാധാകൃഷ്ണന്‍.
കേന്ദ്രം ഭരിച്ച വാജ്‌പേയ് സര്‍ക്കാരിന്റെയും മോദി സര്‍ക്കാരിന്റെയും കാലത്താണ് കേരളത്തില്‍ കൂടുതൽ റോഡ് വികസനം നടന്നത്. കേന്ദ്രം കൊണ്ടുവന്ന ജി.എസ്.ടിക്ക് മുമ്പും പിന്‍പും കേരളത്തിന് ലഭിച്ച റവന്യൂ വരുമാനത്തെ കുറിച്ച് ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്ക് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യമാകെ ജി.എസ്.ടിക്ക് ശേഷം വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാസ്ത്രീയമായ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നതെന്നും സിപി രാധാകൃഷ്ണന്‍ പറഞ്ഞു.