മകളുടെ വിവാഹത്തിന് പണം കണ്ടെത്താൻ; മുതലാളിയുടെ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയതായി നാടകം

single-img
28 January 2021

സ്വന്തം മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാൻ തൊഴിലുടമയുടെ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയ ഡ്രൈവറെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ വിവാഹത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 

തന്റെ മക്കളെ തട്ടിക്കൊണ്ടുപോയെന്ന് കുട്ടികളുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. ജുഹുവിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടികളെ, ഒരു സംഘം ആൾക്കാർ ഡ്രൈവറെ മർദ്ദിച്ചതിന് ശേഷം കടത്തുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. 

ബലം പ്രയോ​ഗിച്ച് കാർ തുറന്ന് ഡ്രൈവറെ മർ​ദ്ദിച്ചാണ് കുട്ടികളെ കൊണ്ടുപോയതെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് ഒരു കുട്ടിയെ രക്ഷിക്കുകയും രണ്ടാമത്തെ കുട്ടി നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ഫോൺ വിളി എത്തി. 

ഇതിൽ സംശയം തോന്നിയ പൊലീസ് ഡ്രൈവറെ 18 മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ നാടകം പുറത്തു വന്നത്. തട്ടിക്കൊണ്ടുപോകൽ നാടകം കളിക്കുന്നതിനായി തന്റെ ദില്ലിയിലുള്ള ബന്ധുക്കളെയും ഇയാൾ വിളിച്ചുവരുത്തി. ലഭിക്കുന്ന പണത്തിന്റെ പകുതി നൽകാമെന്നായിരുന്നു ഇവർക്ക് നൽകിയ വാ​ഗ്ദാനം.