ആലപ്പുഴ ബൈപ്പാസ്സ് പൂർത്തീകരിച്ചത് പിണറായി സർക്കാരിന്റെ നേട്ടം; ആലപ്പുഴക്കാരൻ എന്ന നിലയ്ക്ക് ത്രില്ല് അടിച്ചിരിക്കുകയാണ്: ഫാസിൽ

single-img
28 January 2021

വളരെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ്സ് പൂർത്തീകരിച്ചത് പിണറായി സർക്കാരിന്റെ നേട്ടമാണെന്ന് പ്രശസ്ത സംവിധായകൻ ഫാസിൽ. ബൈപ്പാസ്സ് പൂർത്തീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഒരു ആലപ്പുഴക്കാരൻ എന്ന നിലയ്ക്ക് താൻ ത്രില്ല് അടിച്ചിരിക്കുകയാണെന്നും ഫാസിൽ പറഞ്ഞു. ഇത് വല്ലാത്ത ഒരു അനുഭവമാണ്.

’40 വർഷം എന്നൊക്കെ പറയുമ്പോൾ ഞാൻ സിനിമയിലേക്ക് വന്ന സമയമാണ്. ആ സമയം മുതൽ സമാന്തരമായി കാത്തിരിക്കുന്നത്. പണി പൂർത്തീകരിച്ചു എന്നത് തന്നെ വലിയൊരു കാര്യമാണ്. ഏതൊരു ആലപ്പുഴക്കാരന്റെയും സ്വപ്നമാണ് ആ വഴിയിലൂടെ ഒന്നു പോവുക എന്നത്. വർഷങ്ങൾക്ക് ശേഷം ഞാൻ ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ ആയിരുന്നു. അതുമൂലം പോകാൻ സാധിച്ചില്ല. ഉറപ്പായും പോകും, ഫാസിൽ ഒരു ചാനലിൽ പറഞ്ഞു.

തനിക്ക് ഇതിന്റെ രാഷ്ട്രീയമൊന്നും അറിയില്ല എങ്കിലും ബൈപ്പാസ്സ്‌ പൂർത്തീകരിക്കാൻ ഇത്രയേറെ വർഷങ്ങളെടുത്തത് എന്ത് കൊണ്ട് എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ബൈപ്പാസ്സ്‌ പൂർത്തീകരിച്ചതിന്റെ ക്രെഡിറ്റ് ഈ സർക്കാരിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.