പ്രേമം നല്ല വികാരം തന്നെ, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഭയങ്കര അപകടം: അനുശ്രീ

single-img
28 January 2021

പ്രേമം എന്നത് നല്ലൊരു വികാരം തന്നെയാണെന്നും എന്നാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഭയങ്കര അപകടമാണെന്നും നടി അനുശ്രീ പറയുന്നു. പ്രേമമായാലും മറ്റ് എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താനെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ അനുശ്രീ വ്യക്തമാക്കി.

ആരോടായാലും എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും ബോറാണ്. അത്തരത്തില്‍ പരിധി കടന്നുള്ള ചോദ്യങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ബുദ്ധിമുട്ടുണ്ടാക്കും. മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ സ്‌നേഹം നിലനിര്‍ത്തേണ്ട കാര്യമില്ലല്ലോ. ഒരു പരിധിയില്‍ കൂടുതല്‍ വരിഞ്ഞുമുറുക്കാന്‍ വന്നാല്‍ അതിന് നിന്നുകൊടുക്കുന്ന ആളല്ല ഞാന്‍. പരസ്പര ധാരണയുടെ പുറത്തേ പ്രേമം നിലനില്‍ക്കൂ, അനുശ്രീ പറയുന്നു.

പ്രേമത്തില്‍ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം. എന്ത് കുസൃതിയും കാട്ടാന്‍ കൂടെ നില്‍ക്കുന്ന ഒരാള്‍. ഞാന്‍ അങ്ങനെയായിരിക്കും. തിരിച്ച് എന്നോടും അങ്ങനെത്തന്നെ ആവണം എന്നൊരു ആഗ്രഹം ഉണ്ട്. ജീവിതത്തിലേക്ക് ഒരാളെ ഒപ്പം കൂട്ടുന്നുണ്ടെങ്കില്‍ ഉറപ്പായും എന്റെ സൗഹൃദവലയത്തില്‍നിന്നൊരാളെയാകും. അതാരാണെന്നൊന്നും പറയാറായിട്ടില്ല, അനുശ്രീ പറയുന്നു.

ബ്രേക്കപ്പിന്റെതായ വേദനകളൊക്കെ താന്‍ അറിഞ്ഞിട്ടുണ്ടെന്നും അതില്‍ നിന്നും പുറത്തുകടക്കാന്‍ ഒരു വര്‍ഷമൊക്കെ എടുത്തിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നു. അന്ന് അനുഭവിച്ച വിഷമത്തെപ്പറ്റിയൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ ചമ്മല്‍ തോന്നുമെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ നിരവധി പ്രേമലേഖനങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.