മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സർദേശായിക്ക് രണ്ടാഴ്ച വിലക്കേർപ്പെടുത്തി ഇന്ത്യ ടുഡേ; ഒരു മാസത്തെ ശമ്പളം വെട്ടിക്കുറച്ചു

single-img
28 January 2021

പ്രശസ്ത വാർത്താ അവതാരകൻ രാജ്ദീപ് സർദേശായിക്ക് രണ്ടാഴ്ച ഓൺ എയർ പരിപാടികളിൽ ‘വിലക്കേർപ്പെടുത്തി’ ഇന്ത്യ ടുഡേ മാനേജ്മെന്റ്. ഒരു മാസത്തെ ശമ്പളവും വെട്ടിക്കുറച്ചു. റിപ്പബ്ലിക് ദിനത്തിലെ കർഷക മരണവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ വാർത്ത റിപ്പോർട്ട് ചെയ്തതിനാണ് നടപടി. ഇന്ത്യ ടുഡേയുടെ കൺസൽട്ടിങ് എഡിറ്ററാണ് സർദേശായി. മരിച്ച നവ്നീത് സിങ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്നാണ് സർദേശായി അവകാശപ്പെട്ടത്.

ചാനലിന് പുറമേ, ട്വിറ്ററിലും സർദേശായി ഇതു പോസ്റ്റ് ചെയ്തു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.’45കാരനായ നവ്നീത് എന്നയാൾ ഐടിഒയിലെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ഈ ജീവത്യാഗം നിഷ്ഫലമാകില്ല എന്ന് കർഷകർ എന്നോട് പറഞ്ഞു’ – എന്നായിരുന്നു സർദേശായിയുടെ ട്വീറ്റ്. ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇതിന്റെ വീഡിയോയും പോലീസ് പുറത്തുവിട്ടിരുന്നു.

വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ, കർഷകരുടെ അവകാശവാദം നിലനിൽക്കുന്നതല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണ് എന്നും സർദേശായി ട്വിറ്ററിൽ കുറിച്ചിരുന്നു. ചെങ്കോട്ടയിലും ഐടിഒയിലും സംയമനം പാലിച്ച പോലീസിനെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു. വ്യാജവാർത്ത പ്രചരിപ്പിച്ചതിന് സർദേശായിക്കെതിരെ കേസെടുക്കണമെന്ന് കപിൽ മിശ്ര, അമിത് മാളവ്യ തുടങ്ങി നിരവധി ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.