പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈപിടിക്കുന്നതും, പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ കേസെടുക്കാന്‍ കഴിയില്ല: ബോംബെ ഹൈക്കോടതി

single-img
28 January 2021

വസ്ത്രത്തിന് പുറമെയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ഉത്തരവിന് പിന്നാലെ മറ്റൊരു വിവാദ വിധിയുമായി വീണ്ടും ബോംബെ ഹൈക്കോടതി. നാഗ്പൂര്‍ ബെഞ്ചിന്റെതാണ് പുതിയ വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈപിടിക്കുന്നതും, കുട്ടിയുടെ പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ വിഭാഗത്തില്‍ പെടുത്തി കേസെടുക്കാന്‍ കഴിയില്ലെന്നാണ് പുതിയ നിര്‍ദ്ദേശം.

ജസ്റ്റിസ് പുഷ്പ ഗനേഡിവാലയാണ് വിധി പ്രഖ്യാപിച്ചത്. അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച അമ്പത് വയസ്സുകാരന്‍ നല്‍കിയ അപ്പീലിലാണ് കോടതി നിര്‍ദേശം. 2018 ലാണ് പെണ്‍കുട്ടിയ്ക്ക് നേരെ പ്രതിയായ ലിബ്‌നസ് കജൂര്‍ എന്ന പ്രതി ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് ഇയാള്‍ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും കുട്ടിയുടെ കൈകള്‍ ബലമായി പിടിക്കുകയും ചെയ്തു.

അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്ക് സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിനതടവാണ് വിധിച്ചത്. 2020 ഒക്ടോബറിലാണ് സെഷന്‍സ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈകള്‍ പിടിച്ചുവെയ്ക്കുന്നതും. കുട്ടിയുടെ പാന്റ്‌സിന്റെ സിപ്പ് അഴിച്ചതും ലൈംഗീക പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതിയ്‌ക്കെതിരെ പോക്‌സോ ചുമത്താന്‍ വേണ്ടത്ര തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തിയ കുട്ടിയുടെ അമ്മയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ച കണ്ടത്. പെണ്‍കുട്ടിയുടെ പാന്റ്‌സിന്റെ സിപ്പ് ഇയാള്‍ ബലമായി അഴിക്കുകയായിരുന്നുവെന്ന് കുട്ടി തന്നെ അമ്മയോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ബഹളം വെയ്ക്കുകയും അടുത്തുള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. അന്ന് തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പ്രതിയ്‌ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.