സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍; ഒന്നര, രണ്ടേകാല്‍ ലിറ്ററിന്‍റെ വലിയ ബോട്ടിലുകളും എത്തുന്നു

single-img
27 January 2021

കേരളത്തില്‍ മദ്യ വില്‍പ്പനയില്‍ മാറ്റങ്ങളുമായി ബിവറേജസ് കോര്‍പ്പറേഷന്‍. അടുത്തമാസം 1 മുതല്‍ മദ്യത്തിന് വില കൂടുന്നതോടോപ്പം മാറ്റങ്ങളും നിലവില്‍ വരും. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വലിയ ബോട്ടിലുകളിലും മദ്യം ലഭ്യമാക്കും. മാത്രമല്ല പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാനും ബീവറേജസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ഒന്നര, രണ്ടേകാല്‍ ലിറ്ററിന്‍റെ വലിയ ബോട്ടിലുകളിലും മദ്യം വിപണിയിലെത്തും.

വിപണിയില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച്‌ വിതരണക്കാര്‍ക്ക് ബീവറേജസ് കോര്‍പ്പറേഷന്‍ കത്ത് നല്‍കി കഴിഞ്ഞു. അതേസമയം, പുതുക്കിയ മദ്യവില ഫെബ്രുവരി 1 മുതല്‍ നിലവില്‍ വരും.

വിതരണക്കാര്‍ ബെവ്‌കോയ്ക്ക് നല്‍കുന്ന അടിസ്ഥാന വിലയില്‍ നിന്നും 7 % അധികനിരക്കാണ് ഈടാക്കുക. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വലിയ ബോട്ടിലുകളില്‍ മദ്യം നല്‍കിയാല്‍ വില്‍പ്പനശാലകളില്‍ ആളുകള്‍ അടിക്കടി എത്തുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തല്‍.