മൈക്രോഫോണുമായെത്തി കര്‍ഷകരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ബിജെപിയുമായി അടുത്ത ബന്ധമുള്ള ദീപ് സിദ്ദു

single-img
27 January 2021

ഡല്‍ഹിയിലെ കർഷകരുടെ ട്രാക്ടർ റാലി അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണെന്ന് ആണെന്ന ആരോപണവുമായി കർഷക സംഘടനകളും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രംഗത്ത്. ദീപ് സിദ്ധു ബിജെപിയുമായി ഏറെ അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് ചിത്രങ്ങൾ പങ്കുവച്ച് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടിരിക്കുന്നത്.

ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. 

എന്നാല്‍ കര്‍ഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി. സിഖ് പതാകയാണ് ഞങ്ങള്‍ ചെങ്കോട്ടയിലുയര്‍ത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു പറഞ്ഞു.

ദീപ് സിദ്ദുവിനെ തള്ളി കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന നിരവധി സംഘടനാ നേതാക്കളും രംഗത്തെത്തി. ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവര്‍ തലേദിവസം തന്നെ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു. ചെങ്കോട്ടയില്‍ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണ്. ഇതില്‍ അന്വേഷണം നടത്തണണെന്ന് സമൂഹ്യപ്രവര്‍ത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. 

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സണ്ണി ഡിയോളിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയവരില്‍ പ്രധാനികളിലൊരാള്‍ ദീപ് സിദ്ദുവായിരുന്നു.

കഴിഞ്ഞ  സെപ്തംബറിലാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപ് സിദ്ദു ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ശംഭുവിലെത്തിയത്. പിന്നീട് സമരത്തിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുമായി കര്‍ഷകപ്രശ്‌നങ്ങളെക്കുറിച്ച് സംവദിച്ചു.

അതേസമയം ദീപ് സിദ്ദുവിന്റെ ഇടപെടലുകളെ എതിര്‍ത്ത് ചില കര്‍ഷക നേതാക്കള്‍ രംഗത്തെത്തി. ദീപ് സിദ്ദുവിന്‌ ആര്‍എസ്എസ്-ബിജെപി ബന്ധമുണ്ടെന്നും അദ്ദേഹം അവരുടെ ഏജന്റാണെന്നും കര്‍ഷക നേതാക്കള്‍ ആരോപിച്ചിരുന്നു. ദീപ് സിദ്ദു പ്രധാനമന്ത്രിക്കും സണ്ണി ഡിയോളിനുമൊപ്പവും നില്‍ക്കുന്ന ചിത്രവും അവര്‍ പുറത്തുവിട്ടു. എന്നാല്‍ ആ ആരോപണവും ദീപ് സിദ്ദു നിഷേധിച്ചു.

അതേസമയം ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് ബിജെപി എംപിയും നടനുമായ സണ്ണി ഡിയോള്‍. ചെങ്കോട്ടയില്‍ നടന്നത് വേദനിപ്പിച്ചെന്നും സണ്ണി ഡിയോൾ വിശദീകരിച്ചു.