കൊവിഡ് മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ; ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

single-img
27 January 2021

പ്രതിദിന കൊവിഡ്-19 കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പുതിയ കൊവിഡ് മാർഗരേഖ പുറത്തിറക്കി. അടുത്തമാസം ഒന്ന് മുതൽ പുതുക്കിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കണ്ടെയിൻമെൻ്റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതി നൽകിക്കൊണ്ടുള്ള അനുമതി കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

പുതിയ തീരുമാന പ്രകാരം ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ തടസമില്ല. ഇതിനായി പ്രത്യേക പാസുകളോ അനുമതിയോ തേടേണ്ടതില്ലെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
സിനിമാ തിയേറ്ററുകളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. തിയേറ്ററിൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത നൽകിയിട്ടില്ല.

അതേസമയം സിവിൽ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയും ചർച്ച ചെയ്‌ത ശേഷമാകും അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുക. മത – സാമുഹിക ചടങ്ങുകളിൽ കൂടുതൽ പേർക്ക് പങ്കെടുക്കാം. കായിക – വിദ്യാഭ്യാസ പരിപാടികളും കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്താവുന്നതാണ്. നിലവിൽ 50 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുവാദം നൽകിയിരുന്നത്.