പുനർജനിക്കുമെന്ന് വിശ്വസിച്ച് പെണ്‍മക്കളെ ക്രൂരമായി കൊലപ്പെടുത്തി അദ്ധ്യാപകരായ മാതാപിതാക്കൾ

single-img
26 January 2021

അമ്മയും അച്ഛനും ചേർന്ന് യുവതികളായ രണ്ടു മക്കളെ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. അലേഖ്യ (27), സായ് ദിവ്യ( 22) എന്നീ രണ്ടു മക്കളെ പദ്മജയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവും ചേർന്ന് വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബല്ലുപയോഗിച്ചാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. 

വീട്ടില്‍ നിന്ന് അസാധാരണമായി ശബ്ദങ്ങളും കരച്ചിലും കേട്ടാണ് അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വീട്ടില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ദമ്പതിമാർ ഇവരെ തടഞ്ഞു. ബലപ്രയോഗത്തിലൂടെ വീട്ടിനകത്ത് പ്രവേശിപ്പിച്ചപ്പോഴാണ് രണ്ടുമക്കളെ കൊലപ്പെടുത്തിയ നിലയില്‍ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം പൂജാമുറിയില്‍ നിനിന്നും രണ്ടാമത്തേത് മറ്റൊരു മുറിയില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങളും ചുവന്ന തുണി ഉപയോഗിച്ച് പൊതിഞ്ഞിരുന്നു.

സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കലിയുഗം അവസാനിച്ച് തിങ്കളാഴ്ച മുതല്‍ സത്യയുഗം തുടങ്ങുകയാണെന്നും തിങ്കളാഴ്ച സൂര്യനുദിക്കുന്നതോടെ മക്കള്‍ക്ക് വീണ്ടും ജീവന്‍ ലഭിക്കുമെന്നാണ് ദമ്പതിമാര്‍ പോലീസിനോട് പറഞ്ഞത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം തരണമെന്നും മക്കള്‍ പുനര്‍ജ്ജനിക്കുന്നത് വരെ കാത്തിരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഏതോ മന്ത്രവാദിയുടെ വാക്കു വിശ്വസിച്ചാണ് ഇവർ ഈ കൃത്യം ചെയ്തതെന്നാണ് മറുപടി നല്‍കിയത്.

പുരുഷോത്തം നായിഡു  സര്‍ക്കാര്‍ വനിതാ കോളേജിലെ വൈസ് പ്രിന്‍സിപ്പൽ ആണ്. പത്മജ സ്‌കൂള്‍ പ്രിന്‍സിപ്പലും ഗണിത ശാസ്ത്രത്തില്‍ സ്വര്‍ണമെഡല്‍ നേടിയ വ്യക്തിയുമാണ്. കൊല്ലപ്പെട്ട മൂത്ത മകള്‍ അലേഖ്യ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ജോലി രാജി വച്ച ശേഷം സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള പരിശീലനത്തിലായിരുന്നു. ഇളയമകള്‍ സായ് ദിവ്യ എം.ബി.എ പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയിലെ എ.ആര്‍. റഹ്മാന്‍ സംഗീത കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.  ലോക്ഡൗണോടെയാ ണ് വീട്ടില്‍ മടങ്ങിയെത്തിയത്.

കോവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവില്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നതായി പോലീസ് പറയുന്നു. പ്രത്യേകിച്ച് സംഭവം നടന്ന ഞായറാഴ്ച. ഇതില്‍ സംശയം തോന്നിയാണ് അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുന്നത്. ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.