ട്രാക്ടര്‍ മാർച്ചിൽ സംഘർഷം യുദ്ധക്കളമായി ഡല്‍ഹി; ട്രാക്ടറുകൾ തടഞ്ഞു

single-img
26 January 2021

അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കര്‍ഷക ട്രാക്ടര്‍ മാർച്ചിൽ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടത്തും കര്‍ഷകരും പോലീസും നേർക്കുനേർ ഏറ്റുമുട്ടി. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി.

സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി. അക്ഷരാര്‍ഥത്തില്‍  തെരുവുയുദ്ധമായി മാറുകയായിരുന്നു ഡല്‍ഹി. ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്‌.

ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകൾ ഉപേക്ഷിച്ച് കർഷകർ പിൻവാങ്ങി. പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് തലസ്ഥാനത്തേക്ക് ഇരച്ചുകയറിയ കര്‍ഷകര്‍ ഡല്‍ഹി നഗരഹൃദയത്തില്‍ പ്രവേശിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐ ടി ഒ യില്‍ ഇടിച്ചുകയറിയ കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അനുവാദമില്ലാത്ത റൂട്ടിലൂടെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലിയുമായി മുന്നേറുന്നത്. 

റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ചുമണിക്കൂര്‍ റാലി എന്ന് പോലീസുമായി ഉണ്ടാക്കിയ ധാരണകളെ കാറ്റില്‍ പറത്തിയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്. അതേസമയം, നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.