വീട്ടുകാരുടെ അനുവാദമില്ലാതെ‌ വിവാഹം; മകളുടെ ഭർത്താവിനെ തലയ്‌ക്കടിച്ചുവീഴ്‌ത്തി മകളെ പിടിച്ചു കൊണ്ടുപോയി

single-img
25 January 2021

മാവേലിക്കരയിൽ മകളുടെ ഭർത്താവിനെ തലയ്‌ക്കടിച്ചുവീഴ്‌ത്തി മകളെ കടത്തിക്കൊണ്ടുപോയ പിതാവിനും സഹോദരനും എതിരേ പോലീസ്‌ കേസ്‌ എടുത്തു. ഇന്നലെ രാവിലെ 9.45ന്‌ പുന്നംമൂട്‌ ഓവര്‍ ബ്രഡ്‌ജിനു സമീപത്താണ്‌ ആക്രമണം നടന്നത്‌. ആക്രമണത്തില്‍ പരുക്കേറ്റ പോനകം കാവുളളതില്‍ തെക്കേതില്‍ സന്തോഷി(30) നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോനകം കോട്ടയ്‌ക്കാത്തേത്ത്‌ ബാബുവിന്റെ മകള്‍ സ്‌നേഹയും സന്തോഷും കഴിഞ്ഞ 13ന്‌ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായിരുന്നു. സ്‌നേഹയുടെ വീട്ടുകാരുടെ അനുവാദമില്ലാതെയാണ്‌ വിവാഹം നടന്നത്‌. ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം നടത്തി ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇവരെ ബാബുവും മകന്‍ ജിനുവും മറ്റു രണ്ടുപേരും ചേര്‍ന്ന്‌ തടഞ്ഞുനിര്‍ത്തി. ഇവരെ ബൈക്കില്‍നിന്ന്‌ ചവിട്ടിവീഴ്‌ത്തിയശേഷം സന്തോഷിനെ ചുടുകട്ടകൊണ്ട്‌ തലയ്‌ക്കടിച്ച്‌ പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇവരുടെ പിന്നാലെയെത്തിയ ബന്ധുക്കളേയും ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചശേഷം സ്‌നേഹയെ ബലമായി പിടിച്ചു കൊണ്ടുപോയി.

സന്തോഷിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കേസെടുത്ത മാവേലിക്കര പോലീസ്‌ സ്‌നേഹയെ വൈകിട്ട്‌ ബാബുവിന്റെ വീട്ടില്‍നിന്ന്‌ മോചിപ്പിച്ച്‌ തിരിച്ചുകൊണ്ടുവന്നു. തലയ്‌ക്ക്‌ സാരമായി പരുക്കേറ്റ സന്തോഷ്‌ ചികിത്സയിലാണ്‌.

സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവാവിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ്‌ ആക്രമണത്തിന്‌ കാരണമെന്ന്‌ പൊലീസ്‌ പറഞ്ഞു.