ഒരാൾക്കും തന്റെ അമ്മയെ കേൾക്കാതിരിക്കാൻ ആകില്ലെന്ന വിശ്വാസത്തിൽ; കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പറയണം; മോഡിയുടെ അമ്മക്ക് കര്‍ഷകന്റെ കത്ത്

single-img
25 January 2021

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്ക് പഞ്ചാബില്‍ നിന്നും കര്‍ഷക​ന്റെ കത്ത്. ഒരാൾക്കും തന്റെ അമ്മയെ കേൾക്കാതിരിക്കാൻ ആകില്ലെന്ന വിശ്വാസമാണ് കത്തെഴുതിച്ചത്. മൂന്ന് കർഷകനിയമങ്ങളും പിൻവലിക്കണമെന്ന് മകന്‍ മോദിയോട് പറയണമെന്നാണ് അമ്മയ്ക്കുള്ള കത്തില്‍ പറഞ്ഞിരിക്കുന്നത്. പഞ്ചാബ് ഫിറോസാപുർ സ്വദേശി ഹർപ്രീത്‌ സിങ്ങാണ് മോദിയുടെ അമ്മ ഹീരബെന്നിന് കത്തയച്ചത്.

‘‘രാജ്യത്തെ അന്നദാതാക്കൾ ഡൽഹിയിലെ റോഡുകളിലാണ് കുറച്ചധികം ദിവസങ്ങളായി ഉറങ്ങുന്നത്. അവരിൽ 90-95ഉം വയസ്സുള്ള വൃദ്ധരും സ്ത്രീകളും കുട്ടികളുമുണ്ട്. ഇപ്പോഴത്തെ തണുത്ത കാലാവസ്ഥ അവര്‍ക്ക് അതിജീവിക്കാന്‍ കഴിയുന്നില്ല. അത് അവരെ രോഗികളാക്കുന്നു. അവർ രക്തസാക്ഷിത്വം വരിക്കുകയാണ്. അദാനിക്കും അംബാനിക്കും മറ്റ് കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി ഉണ്ടാക്കിയ മൂന്ന് കറുത്തനിയമങ്ങൾ‌ കാരണമാണിത്. മകനെ പറഞ്ഞു മനസ്സിലാക്കി ഇതിൽനിന്ന്‌ പിന്തിരിപ്പിക്കണം. ഏറെ ദുഃഖത്തോടെയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ഒരാൾക്കും തന്റെ അമ്മയെ കേൾക്കാതിരിക്കാൻ ആകില്ലെന്ന വിശ്വാസമാണ് കത്തെഴുതിച്ചത്’’ കത്തില്‍ പറയുന്നു.

പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഗോലു കാ മോധ് ഗ്രാമത്തില്‍ നിന്നും ഹര്‍പ്രീത് സിംഗ് ഹിന്ദിയില്‍ എഴുതിയ കത്താണ് മോഡിയുടെ 100 വയസ്സുകാരിയായ മാതാവിനെ തേടിയെത്തിയത്. ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ക്കൊപ്പമാണ് സിംഗും. കഴിഞ്ഞ സെപ്തംബറിലാണ് പാര്‍ലമെന്റ് മൂന്ന് കര്‍ഷക നിയമം പാസ്സാക്കിയത്. ഇതിനെതിരേ കര്‍ഷകര്‍ നടത്തുന്ന സമരം മൂന്നര മാസം പിന്നിട്ടു.

അനേകം തവണ സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകര്‍ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ്. ഇതുവരെ പ്രതിഷേധക്കാാരില്‍ 75 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സിംലയില്‍ അനുമതിയില്ലാതെ സമരം ചെയ്തതിന്റെ പേരില്‍ സിംഗ് സ്വയം അറസ്റ്റും ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യം നല്‍കി പറഞ്ഞയച്ചു.