കൊച്ചിയിലെ വാർത്താസമ്മേളനം റദ്ദാക്കി കെവി തോമസ് തിരുവനന്തപുരത്തേക്ക്: അശോക് ഗെഹ്ലോത്തുമായി ചർച്ചയെന്ന് സൂചന

single-img
22 January 2021
kv thomas

കൊച്ചി: എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടയിൽ നാളെ നടത്താനിരുന്ന നി‍ർണായക വാർത്താ സമ്മേളനം റദ്ദാക്കി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെവി തോമസ് (KV Thomas) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നാളെ തലസ്ഥാനത്ത് എത്തുന്ന ഹൈക്കമാൻഡ് പ്രതിനിധിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ​ഗെഹ്ലോത്തുമായി കെവി തോമസ് ച‍ർച്ച നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.  

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ബന്ധപ്പെട്ടു തിരുവനന്തപുരത്തേക്ക് വരാതിരുന്ന കെ വി തോമസ് കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അടിയന്തരമായി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചതെന്നാണ് സൂചന. കെപിസിസി വർക്കിം​ഗ് പ്രസിഡൻ്റ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉടനെ പരി​ഗണിക്കുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയതായും വിവരമുണ്ട്. 

കെപിസിസി വ‍ർക്കിം​ഗ് പ്രസിഡൻ്റ് സ്ഥാനമടക്കം പല കാര്യങ്ങളിലും കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്നും കെ.വി.തോമസ് ഉറപ്പ് വാങ്ങിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഒരു ഔദ്യോ​ഗിക പ്രഖ്യാപനം വരാത്തതാണ് അദ്ദേഹത്തെ കടുത്ത നിലപാട് എടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

1984 മുതൽ 2019 വരെ എംപി, എംഎൽഎ, കേന്ദ്രമന്ത്രി, മന്ത്രി തുടങ്ങി വിവിധ പദവികൾ കൈകാര്യം ചെയ്യുന്ന ആളാണ് കെ.വി.തോമസ്. ലോക്സഭയിൽ എറണാകുളത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തെ കഴിഞ്ഞ തവണ പാർട്ടി മാറ്റി നിർത്തുകയും പകരം ഹൈബി ഈഡനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു.

Content: KV Thomas cancels press meet and goes to meet Ashok Gehlot at Trivandrum