തെലങ്കാനയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു

single-img
20 January 2021

തെലങ്കാനയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ 16 മണിക്കൂറിന് ശേഷം മരിച്ചു. 42 വയസുള്ള ആരോഗ്യപ്രവര്‍ത്തകനാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചത്. എന്നാല്‍ ഇതിന് കുത്തിവെയ്പുമായി ബന്ധമില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. കുത്തിവെയ്പിന് ശേഷമുള്ള പാര്‍ശ്വഫലങ്ങള്‍ വിലയിരുത്തുന്നതായി സര്‍ക്കാര്‍ തലത്തില്‍ രൂപം നല്‍കിയ ജില്ലാ കമ്മിറ്റി സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ 11.30നാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് 42കാരന്‍ സ്വീകരിച്ചത്. കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചത്.

തുടര്‍ന്ന് ഇന്ന് രാവിലെ രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യവിഭാഗത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.