ഇടതുമുന്നണി തുടര്‍ന്ന് ഭരിക്കട്ടെ; കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചാൽ കേരളത്തില്‍ വളരാമെന്ന് ബിജെപി

single-img
20 January 2021

കേരളത്തിൽ ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കുന്നതാണ് നമുക്ക് നല്ലതെന്ന സന്ദേശം നല്‍കി ബിജെപി നേതാക്കള്‍. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന ബിജെപി പഠനശിബിരങ്ങളിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- എൻ.ഡി.എ. മത്സരമെന്ന രീതിയിലായിരിക്കണം ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്നും നിർദേശം ഉണ്ട്.

കേരളത്തില്‍ തുടര്‍ഭരണം വരുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്നും ചില ഘടകകക്ഷികളില്‍ നിന്നും വന്‍തോതില്‍ ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. അധികാരമില്ലാതെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ തുടരില്ല എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ബിജെപിക്ക് വേരോട്ടമില്ലാതിരുന്ന കര്‍ണാടക, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചതാണ് വളര്‍ച്ചക്ക് കാരണമെന്ന് ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലൊഴിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യമാണ് ബിജെപി സ്വീകരിച്ചിരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഒരേ പോലെ എതിര്‍ക്കുക എന്നതായിരുന്നു സ്വീകരിച്ചു വന്ന നയം. എന്നാല്‍ കോണ്‍ഗ്രസിനെ ആക്രമിക്കുക എന്ന നയത്തിലേക്ക് മാറുക എന്നതാണ് ബിജെപി പുതുതായി സ്വീകരിക്കുന്ന നയം.