നല്ല രീതിയിൽ വാക്‌സിന്‍ നൽകാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം; കേന്ദ്രത്തിന് മറുപടിയുമായി കെ കെ ശൈലജ

single-img
19 January 2021

കേരളത്തിൽ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് കുറയുന്നുവെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനം നല്ല നിലയില്‍ വാക്സിന്‍ നല്‍കാന്‍ സാധിച്ചുവെന്നാണ് തന്റെ അറിവെന്നും എന്നാൽ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ 16 ശതമാനം മാത്രമാണ് വാക്സിനേഷന്‍ നടന്നതെന്നാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതെന്നും മന്ത്രി പറയുന്നു.
സംസ്ഥാനത്ത് ആദ്യത്തെ ദിവസം തീരുമാനിച്ചതിന്റെ 75 ശതമാനത്തിലേറെ കുത്തിവെപ്പ് എടുക്കാൻ സാധിച്ചു.

ഏറ്റവും നല്ല രീതിയിൽ വാക്‌സിന്‍ കൊടുക്കാൻ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണ് കേരളം. വാക്‌സിൻ വന്ന് നൂറ് വീതമാണ് ഓരോ സെന്ററുകളിൽ നിന്നും കൊടുക്കാൻ തീരുമാനിച്ചത്. പതിമൂന്ന് സെന്ററുകളിൽ വച്ച് കൊടുക്കാനാണ് തീരുമാനിച്ചത് സ്വാഭാവികമായും അതിൽ നൂറ് ശതമാനം ആളുകളും വന്നു എന്ന് വരില്ലെന്നും പലവിധ കാരണങ്ങളാൽ രജിസ്റ്റർ ചെയ്യപ്പെട്ട ആളുകൾ മുഴുവനായും എത്തിയെന്ന് വരില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍ മറ്റു പലയിടങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഏറ്റവും നല്ല രീതിയിൽ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ആപ്പ് തകരാറിലായപ്പോൾ മറ്റു സംസ്ഥാനങ്ങൾ വാക്‌സിനേഷൻ നിർത്തിവച്ചു . കേരളം നിർത്തിവയ്ക്കാതെ തന്നെ രജിസ്റ്ററിൽ രേഖപ്പെടുത്തികൊണ്ട് തുടരുകയും കൃത്യമായി വാക്‌സിനേഷൻ നൽകാൻ സാധിക്കുകയും ചെയ്തു. അതുകൊണ്ട് ഏറ്റവും നല്ല ശതമാനം വാക്‌സിനേഷൺ കൊടുക്കാൻ ആദ്യത്തെ ദിവസം തന്നെ കേരളത്തിന് സാധിച്ചു എന്നുള്ളതാണ് വസ്തുത എന്നും മന്ത്രി പറഞ്ഞു.