മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബിജെപിക്കാര്‍: മമത ബാനര്‍ജി

single-img
19 January 2021

പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ പ്രതിപക്ഷമായ ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബിജെപിയെന്നും തൃണമൂലില്‍ നിന്ന് അവിടേക്ക്ചേക്കേറാന്‍ താല്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ പോകാമെന്നും മമത പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പുരുലിയയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമതയുടെ ഈ പരാമര്‍ശം. ‘രാഷ്ട്രീയം എന്ന് പറയുന്നത് ഒരു വ്യക്തിയുടെയാകെ പ്രത്യയശാസ്ത്രമാണ്. ദിവസവും വസ്ത്രങ്ങള്‍ മാറുന്നതുപോലെ മാറ്റാനുള്ളതല്ല അത്. നിങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകണമെന്ന് തോന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ പോകാം. പക്ഷെ എന്ത് സംഭവിച്ചാലും അവര്‍ക്കു മുന്നില്‍ ഞങ്ങള്‍ തോറ്റുകൊടുക്കില്ല. മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബിജെപിക്കാര്‍’. – മമത പറഞ്ഞു.