റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി: ക്രമസമാധാന പ്രശ്നമെന്ന നിലയിൽ പൊലീസിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

single-img
18 January 2021
tractor rally delhi supreme court farmer protest

കർഷകസമരത്തിൻ്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് കർഷകർ നടത്താൻ തീരുമാനിച്ച ട്രാക്ടർ റാലിയുടെ കാര്യത്തിൽ ക്രമസമാധാന പ്രശ്നമെന്ന നിലയിൽ ഡൽഹി പൊലീസിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. റാലി തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഡൽഹി പൊലീസ് ജോയിൻ്റ് കമ്മീഷണറുടെ ഹർജിയിന്മേലാണ് കോടതിയുടെ ഉത്തരവ്. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.

“ഡൽഹിയിൽ പ്രവേശിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഡൽഹി പൊലീസാണെന്ന് കോടതി പറഞ്ഞുകഴിഞ്ഞ കാര്യമാണ്. ആരെ പ്രവേശിപ്പിക്കരുത്, എത്രയാളുകളെ പ്രവേശിപ്പിക്കണം എന്നതെല്ലാം ക്രമസമാധാന പ്രശ്നമാണ്. അത് കൈകാര്യം ചെയ്യേണ്ടത് പൊലീസാണ്. ഞങ്ങൾക്കല്ല തിനുള്ള പ്രാഥമികമായ അധികാരം.” സുപ്രീം കോടതി പറഞ്ഞു.

കർഷകർ നടത്താൻ തീരുമാനിച്ച ട്രാക്ടർ റാലി റിപ്പബ്ലിക് ദിനാഘോഷങ്ങളെ തടസപ്പെടുത്തുമെന്നും അതിൻ്റെ ശോഭകെടുത്തുമെന്നും അത് രാജ്യത്തിനാകെ നാണക്കേടാകുമെന്നും ഡൽഹി പൊലീസ് വഴി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാർ പറഞ്ഞിരുന്നു.

പ്രതിഷേധിക്കാനുള്ള അവകാശമെന്നത് “രാഷ്ട്രത്തെ ആഗോളതലത്തിൽ മോശമായി ചിത്രീകരിക്കാനുള്ളതല്ലെ”ന്നും കേന്ദ്രം വാദിച്ചു. ട്രാക്ടർ റാലിയെന്നല്ല ഒരുതരത്തിലുള്ള പ്രതിഷേധമാർച്ചുകളും റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്ത് അനുവദിക്കരുതെന്നും കേന്ദ്രം ഹർജിയിൽ അഭ്യർത്ഥിച്ചിരുന്നു.

അതേസമയം, ആയിരം ട്രാക്ടറുകൾ പങ്കെടുക്കുന്ന തങ്ങളുടെ ട്രാക്ടർ റാലി സമാധാനപരമായിരിക്കുമെന്നും രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനെ അത് ഒരുതരത്തിലും തടസപ്പെടുത്തുകയില്ലെന്നും കർഷകസമര നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. തലസ്ഥാനനഗർത്തിനുപുറത്ത് അതിനെ ചുറ്റി പോകുന്ന ഔട്ടർ റിംഗ് റോഡിലൂടെയാകും റാലി നടത്തുകയെന്നും അവർ അറിയിച്ചു.

Content: Delhi Police To Decide On Farmers Entering Delhi: Supreme Court On Republic Day Tractor Rally