പരിഷ്കരണങ്ങൾ തുടർന്നോളൂ; വിവാദ പ്രസ്താവനകൾ വേണ്ട: ബിജു പ്രഭാകറിന് മുഖ്യമന്ത്രിയുടെ താക്കീത്

single-img
18 January 2021
Biju Prabhakar

കെഎസ്ആർടിസിയിലെ തട്ടിപ്പുകൾ തുറന്നുപറയുകയും യൂണിയനുകൾക്കും ജീവനക്കാർക്കുമെതിരെ വിവാദപ്രസ്താവനകൾ നടത്തുകയും ചെയ്ത് ശ്രദ്ധ നേടിയ സിഎംഡി ബിജു പ്രഭാകറിന് മുഖ്യമന്ത്രിയുടെ താക്കീത്. വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതേസമയം, സ്ഥാപനത്തിലെ പരിഷ്കരണ നടപടികള്‍ തുടരാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിഎംഡിയോടു പറഞ്ഞു. ഇന്നലെ ക്ലിഫ് ഹൗസില്‍ വച്ചാണ്  കെഎസ്ആർടിസി എംഡിയെ മുഖ്യമന്ത്രി കണ്ടത് . 

കെഎസ്ആർടിസി ചെളിക്കുണ്ടിൽ കിടക്കണമെന്നാഗ്രഹിക്കുന്നവരാണ് സ്ഥാപനത്തിലെ പരിഷ്കരണ നടപടികളെ എതിർക്കുന്നതെന്നും ജീവനക്കാർ ജോലി ചെയ്യാതെ മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്യുകയാണെന്നും ബിജു പ്രഭാകർ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇത്തരത്തിൽ ജോലിചെയ്യാത്തവർക്ക് പകരം എംപാനലുകാർ ജോലി ചെയ്യുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ടിക്കറ്റ് കൊടുക്കുന്നതിലും വർക്ക് ഷോപ്പിലെ ലോക്കൽ പർച്ചേസിലും തിരിമറികൾ കണ്ടെത്തിയെന്നും എംഡി പറഞ്ഞു.

പരസ്യപ്രസ്താവനയ്ക്കെതിരെ സിഐടിയു ഉൾപ്പെടെ യൂണിയനുകൾ രംഗത്തുവന്നതോടെ കെഎസ്ആർടിസിയിൽ പുതിയ പോർമുഖം തുറന്നിരുന്നു. കോർപറേഷൻ ആസ്ഥാനം ഐഎൻടിയുസി യൂണിയൻ ഉപരോധിച്ചിരുന്നു. ആരംഭിക്കാനിരിക്കുന്ന കെഎസ്ആർടിസി– സ്വിഫ്റ്റ് കമ്പനി സംബന്ധിച്ച് യൂണിയനുകളും മാനേജ്മെന്റും തമ്മിൽ തർക്കം നടക്കുന്നതിനിടെയാണ് സിഎംഡി പരസ്യമായി തിരിച്ചടിച്ചത്. 

Content: “Continue reformations but no controversial statements”: Pinarayi Vijayan to KSRTC MD Biju Prabhakar