നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യപകുതിയിൽ; സംസ്ഥാന സര്‍ക്കാരിനോട്‌ അഭിപ്രായമാരാഞ്ഞു തിരഞ്ഞെടുപ്പ് കമ്മിഷൻ

single-img
18 January 2021

ഏപ്രില്‍ ആദ്യപകുതിയില്‍ സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള സാധ്യത തേടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. സംസ്‌ഥാന സര്‍ക്കാരിനോട്‌ അഭിപ്രായമാരാഞ്ഞു. തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാനുള്ള ചര്‍ച്ചയ്‌ക്കായി കമ്മിഷന്‍ പ്രതിനിധികള്‍ ഈയാഴ്‌ചയെത്തും.

ഏപ്രില്‍ അഞ്ചിനും പത്തിനുമിടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ്‌ നടത്താനാണ്‌ ആലോചിക്കുന്നത്‌. 2016-ല്‍ ഏപ്രില്‍ 22-നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പു വിജ്‌ഞാപനം. മേയ്‌ 16-ന്‌ 140 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പു നടത്തി. 19-ന്‌ ഫലപ്രഖ്യാപനം. മേയ്‌ 25-നു മന്ത്രിസഭ അധികാരമേറ്റു. വിശേഷദിവസങ്ങളും പരീക്ഷകളും കണക്കിലെടുത്താണ്‌ ഇക്കുറി തെരഞ്ഞെടുപ്പ്‌ അല്‍പ്പം നേരത്തേയാക്കാന്‍ കമ്മിഷന്‍ ആലോചിക്കുന്നത്‌.മേയ്‌ 14 വിഷുദിനമാണ്‌. 15-നു റമദാന്‍ വ്രതാരംഭം. അതിനുമുമ്പായി തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നാണു പരിശോധിക്കുന്നത്‌.

പ്രചാരണത്തിന്‌ ഒരു മാസം അനുവദിക്കണം. അങ്ങനെയെങ്കില്‍ ഫെബ്രുവരി അവസാനത്തോടെ വിജ്‌ഞാപനം പുറപ്പെടുവിച്ചേക്കും. മേയ്‌ രണ്ടാംവാരത്തോടെ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പു നടത്താന്‍ ആലോചിച്ചെങ്കിലും സി.ബി.എസ്‌.ഇ. പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചതോടെ മാറ്റം അനിവാര്യമായി. മേയ്‌ നാലുമുതല്‍ ജൂണ്‍ പത്തുവരെയാണു സി.ബി.എസ്‌.ഇ. പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളിലെ പരീക്ഷ. മാര്‍ച്ചില്‍ എസ്‌.എസ്‌.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും വരുന്നതിനാലാണ്‌ ഏപ്രിലില്‍ തെരഞ്ഞെടുപ്പ്‌ പരിഗണിക്കുന്നത്‌.കേരളത്തില്‍ ബഹുഭൂരിപക്ഷം പോളിങ്‌ കേന്ദ്രങ്ങളും സ്‌കൂളുകളാണെന്നതും തെരഞ്ഞെടുപ്പു പ്രചാരണം പഠനത്തെ ബാധിക്കുന്നതും കണക്കിലെടുത്താണ്‌ തീയതി ചര്‍ച്ച ചെയ്യുന്നത്‌.

കോവിഡ്‌ മുന്‍കരുതല്‍ പാലിക്കേണ്ടതിനാല്‍ കൂടുതല്‍ പോളിങ്‌ സ്‌റ്റേഷനും ഉദ്യോഗസ്‌ഥരും ആവശ്യമാണ്‌. അതിനാലാണു പരീക്ഷകള്‍ക്കും വിശേഷദിവസങ്ങള്‍ക്കും മുമ്പായി തെരഞ്ഞെടുപ്പു ജോലി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്‌. രണ്ടു ഘട്ടമായി നടത്താനും ഇതാണു കാരണം. കേരളത്തിനു പുറമേ തമിഴ്‌നാട്‌, പശ്‌ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭയുടെ കാലാവധി ഏപ്രില്‍-മേയ്‌ മാസങ്ങളില്‍ പൂര്‍ത്തിയാകുകയാണ്‌.