സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിയെടുത്തത് പന്ത്രണ്ടര ലക്ഷം രൂപ; കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ

single-img
17 January 2021

സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ പുതുക്കാട് പോലീസ് പിടികൂടി. കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ പുതിയ തെരുവ് സ്വദേശി ജിഗിനീഷാണ് അറസ്റ്റിലായത്. അന്നമനട ഭാഗത്ത് വാടകയ്ക്ക് ഒരാൾ സംശയാസ്പദമായ സാഹചര്യത്തിൽ വാടകയ്ക്ക് താമസിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പുതുക്കാട് പോലീസ് യുവാവിനെ പിടികൂടിയത്.

ക്രയിൻ റോപ്പ് പൊട്ടി ഒരാൾ മരിച്ച സംഭവത്തെ തുടർന്നുള്ള കേസ് റദ്ദാക്കാൻ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് തൃശൂര്‍‌ പാലിയേക്കര സ്വദേശിയായ ക്രയിൻ സർവീസ് സ്ഥാപന ഉടമയെ ഒരാൾ സമീപിച്ചു. തനിക്ക് ഒരു സുപ്രീം കോടതി ജഡ്ജിയെ പരിചയമുണ്ടെന്നും അയാൾ പറഞ്ഞിരുന്നു. തുടർന്ന് ജിഗിനീഷ് സുപ്രീം കോടതി ജഡ്ജിയായി ചമഞ്ഞ് കേസ് റദ്ദാക്കാൻ രണ്ട് ഗഡുക്കളായി പന്ത്രണ്ടര ലക്ഷം രൂപ ഇയാളില്‍ നിന്നും തട്ടിയെടുത്തു. പിന്നാലെ യാതൊരു വിവരവും ലഭിക്കാതിരുന്ന സ്ഥാപന ഉടമ പോലീസിൽ വിവരം നല്‍കുകയായിരുന്നു.

ഇതിനെ തുടർന്നുള്ള അന്വേഷണത്തിൽ ചാലക്കുടി ഡിവൈഎസ്പി സന്തോഷിന്റെ നേതൃത്വത്തിലാണ് ജിഗിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ പാസ്സായ ജിഗിനീഷിനെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ജോലി വാഗ്‌ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പിനും പരാതികളുണ്ട്.