യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിക്ക് ഒരു ടേം എന്നത് മാധ്യമ പ്രചാരണം: രമേശ്‌ ചെന്നിത്തല

single-img
17 January 2021

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് ഒരു ടേം എന്നത് മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍ അനാവശ്യമായ പല പ്രചാരണങ്ങളും പലരും നടത്തുന്നെങ്കിലും അത്തരം ചര്‍ച്ചകളില്ല എന്ന് അദ്ദേഹം അറിയിച്ചു.

എന്തുവന്നാലും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.നേരത്തേ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിയെ നേതൃ നിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അതേസമയം, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ നാളെ ചര്‍ച്ച നടത്താനിരിക്കേ ഡിസിസി പുനസംഘടനയില്‍ മാറ്റമില്ലെന്ന നിലപാടിലുറച്ച് നില്ക്കുകയാണ് ദേശീയ നേതൃത്വം.