യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഗണേഷ് കുമാര്‍ ജയിലിലാകും: കൊടിക്കുന്നില്‍ സുരേഷ്

single-img
17 January 2021

അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ് കുമാര്‍ ജയിലിലാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കേസില്‍ പോലീസിന്റെ പക്കല്‍ വ്യക്തമായ തെളിവുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷ് കുമാറിന്റെ പി.എ പ്രദീപിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

മാപ്പ് സാക്ഷിയെ ആക്രമിച്ച സംഭവത്തില്‍ ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍കോട് പോലീസ് റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം, ഈ റെയ്ഡിലാണ് ഗുണ്ടാനേതാവായ പ്രദീപിനെ പിടികൂടിയതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

‘ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോഴാണ് പ്രദീപ് കോട്ടത്താല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പോലീസ് ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ പോലീസിന് പണി വരും’, കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.