അര്‍ണബുമായുള്ള ചാറ്റുകള്‍ വിവാദമായി; ബാര്‍ക്ക് മുന്‍ സിഇഒയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
16 January 2021

ഏറെ വിവാദമായ ടിആര്‍പി തട്ടിപ്പ് കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്തയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ജെജെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കടുത്ത പ്രമേഹ രോഗിയായ പാര്‍ഥോദാസ് ഗുപ്തയെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ദേശസുരക്ഷ കാറ്റിൽപ്പറത്തിയ ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകൾ; ബാലക്കോട്ട് ആക്രമണം അർണബ് നേരത്തേ അറിഞ്ഞു

കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം പ്രമേഹത്തിനുള്ള മരുന്ന് കഴിക്കാതിരുന്നതാണ് ആരോഗ്യനില മോശമാകാന്‍ കാരണമെന്ന് പോലീസ് പറയുന്നു. തലോജ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ഓക്സിജന്‍ സഹായം നല്‍കുന്നുണ്ട്. 2029 ഡിസംബർ 24നാണ് പാര്‍ഥോദാസ് ഗുപ്തയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

റിപബ്ലിക് ചാനലിനും മറ്റ് രണ്ട് ചാനലുകള്‍ക്കും വേണ്ടി ബാര്‍ക്ക് റേറ്റിങില്‍ കൃത്രിമത്വം നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോസ്വാമി പാര്‍ഥോദാസ് ഗുപ്തയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.