ഇത് കെ സ്‌നേഹ; സംസ്ഥാന ബജറ്റിലെ കവിതയുടെ ഉടമ

single-img
15 January 2021

ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണത്തിന് ചില പ്രത്യേകതകളുണ്ട്. അതില്‍ എടുത്തുപറയേണ്ട പ്രത്യേകത ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് ഉദ്ധരിച്ച കവിതയാണ്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെസ്‌നേഹയുടെ വരികളാണവ.

കോവിഡ് ഉൾപ്പെടെയുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ കാര്യത്തിലായാലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലായാലും കേരളം പങ്കുവയ്ക്കുന്ന ആത്മവിശ്വാസത്തിന്റെ ഉന്മേഷം ഈ കൊച്ചുമിടുക്കിയുടെ വരികളിലുണ്ടെന്നും കവിത ചൊല്ലിക്കൊണ്ട് ധനമന്ത്രി സബാറ്റിൽ പറഞ്ഞിരുന്നു.

കോവിഡ് കാലത്ത് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അക്ഷര വര്‍ഷം പദ്ധതിയുടെ ഭാഗമായി എഴുതി നല്‍കിയ കവിതയാണിത്. വിദ്യാരംഗം ശില്‍പശാലയില്‍ കവിതാവിഭാഗത്തില്‍ ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനിയായ സ്‌നേഹയുടെ കവിതയുടെ വരികള്‍ ഇങ്ങനയൊണ്.

‘നേരം പുലരുകയും
സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും
നാം കൊറോണയ്ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും.’

ബജറ്റ് അവതരണത്തില്‍ മന്ത്രി എന്റെ കവിത ചൊല്ലുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഏറെ സന്തോഷമുണ്ടെന്നും സ്‌നേഹ പറഞ്ഞു. അധ്യാപിക പറഞ്ഞതനുസരിച്ച് ലോക്ക്ഡൗണ്‍ സമയത്താണ് സ്‌നേഹ കവിത എഴുതി തുടങ്ങിയത്. കുഴല്‍മന്ദത്തെ ഒരു കൊച്ചുവീട്ടില്‍ ഡ്രൈവറായ അച്ഛനും അമ്മയും ചേച്ചിയും ഉള്‍പ്പെടുന്ന ഒ കുടുംബമാണ് സ്‌നേഹയുടേത്.

അതേസമയം, ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയില്‍ നടത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം. മൂന്ന് മണിക്കൂറും 18 മിനിറ്റുമാണ് ഐസക് ബജറ്റ് പ്രസംഗം നടത്തിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച ബജറ്റ് അവതരണം 12.40 ഓടെയാണ് പൂര്‍ത്തിയായത്. സമയം നീണ്ടുപോകുന്നതിനാല്‍ പല കാര്യങ്ങളും ബജറ്റ് അവതരണത്തില്‍ ഒഴിവാക്കേണ്ടിവന്നു.