ഇനിയുള്ള നാല് മാസം നന്നായി ഭരിച്ചാൽ പിണറായി ഭരണം കേരളത്തില്‍ തുടരും: ജേക്കബ് തോമസ്

single-img
14 January 2021

വരുന്ന നാലുമാസം മികച്ച പ്രകടനം കാഴ്ചവച്ചാൽ പിണറായി സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. നിയമസഭാ ഇലക്ഷനിൽ ബിജെപിയ്ക്ക് വേണ്ടി മത്സിക്കാനൊരുങ്ങുന്നതിനിടെയാണ് ജേക്കബ് തോമസിന്റെ പരാമർശം.

ഭരണത്തിലുള്ള സർക്കാരിന് തീർച്ചയായും ഒരു മേൽകൈ തിരഞ്ഞെടുപ്പിൽ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയമായിരുന്നു എൽഡിഎഫിന്റെ വിജയ ഫോർമുല. അത്തരത്തിലുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കിൽ ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ജേക്കബ് തോമസ് നിരീക്ഷിക്കുന്നു.കിറ്റും, ക്ഷേമ പെൻഷനും ജനങ്ങളുടെ പണമാണെങ്കിലും സർക്കാരിന്റെ മുഖചിത്രം മാറ്റി.

അതേസമയം തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ്. മനസിലുള്ള മണ്ഡലം ഇരിങ്ങാലക്കുടയാണ്. മത്സര രംഗത്തിറങ്ങാൻ യാതൊരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ ട്വന്റി-ട്വന്റിയുടെ ഭാഗമായാണ് മത്സരിച്ചത്. എന്നാൽ ഇക്കുറി എൻഡിഎയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിടും. കഴിഞ്ഞ തവണ വിആർഎസ് അംഗീകരിക്കാതെ വന്നതാണ് മത്സരിക്കാൻ സാധിക്കാതെ വന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.