തമിഴ്‌നാട്ടില്‍ മാത്രം ആദ്യദിനം ‘മാസ്റ്റര്‍’ നേടിയത് 26 കോടിരൂപ; രാജ്യമാകെ 42.50 കോടി

single-img
14 January 2021

ഇന്നലെയായിരുന്നു ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ്‌ നായകനായ മാസ്റ്റര്‍ റിലീസ് ചെയ്തത്. ശക്തമായ കൊവിഡ് നിയന്ത്രണത്തോടെ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമായിരുന്നു കാണികളെ തിയേറ്ററുകളില്‍ പ്രവേശിപ്പിച്ചത്. അതിനിടയിലും ആദ്യ ദിനത്തില്‍ തന്നെ കളക്ഷന്‍ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് മാസ്റ്റര്‍.

തമിഴ്‌നാട്ടില്‍ മാത്രം ആദ്യദിനം 26 കോടിരൂപയാണ് ചിത്രം നേടിയത്. ആദ്യ ദിനം ഇന്ത്യയൊട്ടാകെ ചിത്രം വാരിക്കൂട്ടിയത് 42.50 കോടി രൂപയാണ്. കേരളത്തിലെ ആദ്യ ദിന കലക്ഷന്‍ 2.2 കോടിയാണ്. ആന്ധ്രപ്രദേശ്/നിസാം – 9 കോടി, കര്‍ണാടക – 4.5 കോടി, കേരള 2.2 കോടി, നോര്‍ത്ത് ഇന്ത്യ-0.8 കോടി എന്നിങ്ങനെയാണ് കളക്ഷന്‍.

ഇതേവരെയുള്ള ആദ്യദിന കളക്ഷന്‍ റിക്കോര്‍ഡില്‍ തമിഴ്നാട്ടിലെ അഞ്ച് സ്ഥാനങ്ങളില്‍ നാലും വിജയ് ചിത്രങ്ങള്‍ ആണ് എന്ന പ്രത്യേകതയും ഉണ്ട്. 31.5 കോടിയുമായി വിജയ് നായകനായ സര്‍ക്കാരാണ് തമിഴ്നാട്ടില്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമത് നില്‍ക്കുന്നത്. മെര്‍സല്‍ 4.5 കോടി, ബിഗില്‍ 25.6 കോടി, കബാലി 21.5 കോടി, യന്തിരന്‍ 2.0 18 കോടി എന്നീ ചിത്രങ്ങളാണ് യഥാക്രമം റെക്കോഡ് കളക്ഷന്‍ നേടിയ സിനിമകള്‍.