ഇന്ത്യക്കാർ ഗിനി പന്നികളല്ല; മൂന്നാം ഘട്ട പരീക്ഷണമായി ജനങ്ങൾക്കുള്ള കുത്തിവയ്പ്പിനെ ഉപയോഗിക്കരുത്: കോൺഗ്രസ്

single-img
13 January 2021

രാജ്യത്ത് ജനുവരി 16 മുതൽ നൽകി തുടങ്ങുന്ന രണ്ട് കോവിഡ് -19 വാക്സിനുകളിൽ ഒന്നായ കോവാക്സിനെ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ അഭിപ്രായങ്ങളിൽ ഇരട്ടത്താപ്പുണ്ടെന്ന് കോൺഗ്രസ് പാർട്ടി.കോവാക്സിൻ അതിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല, അതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ രണ്ടാം ഓപ്ഷനായി മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു തിരഞ്ഞെടുപ്പ് ഇന്ത്യക്കാർക്ക് ഉടനടി ലഭ്യമാകില്ലെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞത്.

സ്വീകരിക്കുന്നവര്‍ക്ക് വാക്സിൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് ഇപ്പോൾ കേന്ദ്ര സർക്കാർ പറയുന്നു. കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ, അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വിവിധ ആശങ്കകൾ ഉയരുന്നുണ്ടെന്ന് കോൺഗ്രസ് വക്താവും ശ്രീ ആനന്ദ്‌പൂർ സാഹിബ് എം.പിയുമായ മനീഷ് തിവാരി പറയുന്നു.

മൂന്നാം ഘട്ട പരീക്ഷണമായി ജനങ്ങൾക്കുള്ള കുത്തിവയ്പ്പിനെ ഉപയോഗിക്കാൻ കഴിയില്ല, ഇന്ത്യക്കാർ ഗിനി പന്നികളല്ല എന്നും മനീഷ് തിവാരി പറഞ്ഞു. അടിയന്തിര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകിയതായാണ് ഇന്നലെ വരെ എൻ‌ഡി‌എഅവകാശപ്പെട്ടത്.

ഭാരത് ബയോടെക്കിന്റെ വാക്സിൻ മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാണെന്നും സർക്കാരിന് അതിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുനൽകാൻ കഴിയുമോ എന്നും ചോദിച്ച് ജനുവരി 11 ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനെ ടാഗുചെയ്ത മനീഷ് തിവാരി ട്വീറ്റ് ചെയ്തിരുന്നു.