180 ദിവസം; അന്യഗ്രഹ ജീവികളെക്കുറിച്ച് എല്ലാ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍

single-img
12 January 2021

അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്യഗ്രഹ ജീവികളെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന എല്ലാം കാര്യങ്ങള്‍ വെളിപ്പെടുത്താനൊരുങ്ങുന്നു. പക്ഷെ ഇത് പൊതുജനങ്ങള്‍ക്ക് ലഭിക്കില്ല, കാരണം, അമേരിക്കന്‍ കോണ്‍ഗ്രസിനാണ് ഇക്കാര്യം അവര്‍ പങ്കിടാന്‍ ഒരുങ്ങുന്നത്.

അടുത്ത 180 ദിവസത്തിനുള്ളില്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ്ഏ ജന്‍സികള്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് രഹസ്യാന്വേഷണ, സായുധ സേവന സമിതികള്‍ക്ക് ‘അജ്ഞാതമായ ആകാശ പ്രതിഭാസങ്ങളെക്കുറിച്ച്’ ഒരു തരംതിരിക്കാത്ത റിപ്പോര്‍ട്ട് നല്‍കാന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറും പ്രതിരോധ സെക്രട്ടറിയും തയ്യാറെടുക്കുന്നുവെന്നു വെളിപ്പെടുത്തി.

2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്റലിജന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ ‘കമ്മിറ്റി കമന്റ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു നിബന്ധനയാണിത്. ആ റിപ്പോര്‍ട്ടില്‍ യുഎഫ്ഒ ഡാറ്റയുടെയും ഇന്റലിജന്‍സിന്റെയും വിശദവിശകലനങ്ങള്‍ അടങ്ങിയിരിക്കണമെന്നാണ് നിബന്ധന. സെനറ്റ് രഹസ്യാന്വേഷണ സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഏരിയല്‍ ടാസ്‌ക് ഫോഴ്‌സും എഫ്ബിഐയും ഇക്കാര്യത്തില്‍ പലതും തുറന്നു പറയേണ്ടി വരും.

യുഎസ് സൈനിക താവളങ്ങളില്‍ പറന്നുയര്‍ന്ന അജ്ഞാത വിമാനത്തിന്റെ രൂപത്തെക്കുറിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ക്കും പണ്ടേ ആശങ്കയുണ്ടായിരുന്നു. പെന്റഗണും രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കാന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി കഴിഞ്ഞ ജൂണില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെന്റഗണ്‍ അജ്ഞാത വസ്തുക്കളെ ആകാശത്തെ കണ്ടുമുട്ടുന്നത് ഇതാദ്യമല്ല.

മുന്‍ സെനറ്റര്‍ ഹാരി റീഡിന്റെ നിര്‍ദേശപ്രകാരം പെന്റഗണ്‍ മുമ്പ് ഇത്തരം സംഭവങ്ങളുടെ റെക്കോര്‍ഡിംഗുകള്‍ പഠിച്ചിരുന്നു. ആ പ്രോഗ്രാം 2007 ല്‍ ആരംഭിക്കുകയും 2012 ല്‍ അവസാനിക്കുകയും ചെയ്തു. ഇതിനു പ്രധാന കാരണം ധനസഹായത്തിന്റെ അഭാവമായിരുന്നുവെന്ന് പ്രോഗ്രാമിന്റെ മുന്‍ മേധാവി ലൂയിസ് എലിസോണ്ടോ പറഞ്ഞു. ഇതിനാണ് ഇപ്പോള്‍ ജീവന്‍ വച്ചിരിക്കുന്നത്.