ഇത് കെ സുരേന്ദ്രനുള്ള മറുപടി; കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചതെന്ന് കേന്ദ്രസംഘം

single-img
11 January 2021

കേരളത്തിന്റെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതെന്ന് കേന്ദ്രം. കൊവിഡിന്റെ വർദ്ധന കുറയ്ക്കാൻ കഴിഞ്ഞത് കേരളത്തിന്റെ വിജയമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഫീൽഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയെന്നും കേന്ദ്ര സംഘം വ്യക്തമാക്കി. സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജയുമായി ചർച്ച നടത്തിയ ശേഷമാണ് കേന്ദ്ര സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അഭ്യർത്ഥന പ്രകാരം ഏഴാം തീയതിയാണ് കേന്ദ്രസംഘം കേരളത്തിൽ എത്തിയത്. കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കണമെന്നായിരുന്നു കെ സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലെ ആവശ്യം.അതുകൊണ്ടുതന്നെ സംഘത്തിന്റെ വിലയിരുത്തല്‍ കെ സുരേന്ദ്രനുള്ള മറുപടി കൂടിയാണ്.

മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസ് ജോ. സെക്രട്ടറിയും കോവിഡ്-19 നോഡല്‍ ഓഫീസറുമായ മിന്‍ഹാജ് അലാം, നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ എസ്കെ സിംഗ് എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.

സംസ്ഥാനം മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് കെകെ ശൈലജ ടീച്ചർ പറഞ്ഞു. തുടക്കം മുതൽ കേരളം നടത്തിവന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സന്തുഷ്ടരാണ്. ടെസ്റ്റ്, വാക്സിനേഷൻ അടക്കമുള്ള കാര്യങ്ങളിൽ നല്ല ചർച്ചയാണ് നടന്നതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

“സംസ്ഥാനത്തെ പക്ഷിപനിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫീൽഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് കേന്ദ്ര സർക്കാരിനു നല്കുമെന്നും കേന്ദ്ര സംഘം പറഞ്ഞു.” ആരോഗ്യ മന്ത്രി വ്യക്തമാക്കി.