നീക്കുപോക്ക് ചർച്ച നടത്തിയ മുല്ലപ്പള്ളി കാലുമാറി; യുഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നെന്ന് വെൽഫെയർ പാർട്ടി

single-img
10 January 2021
welfare party hameed vaniyambalam mullappally ramachandran udf

കോഴിക്കോട്: വെൽഫെയർ പാർട്ടി യുഡിഎഫ് ബന്ധം ബന്ധം ഉപേക്ഷിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്കു ചര്‍ച്ചകള്‍ നടത്തിയത് കെപിസിസി(KPCC) അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം ആരോപിച്ചു. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുല്ലപ്പള്ളിയെ വെട്ടിലാക്കുന്ന പ്രസ്താവനയാണിത്.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കു നടത്തിയത്. അദ്ദേഹം ഉത്തരവാദിത്വപ്പെട്ട ഒരു നേതാവാണ്. ഇപ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാനായി തങ്ങളെ പഴി ചാരി രക്ഷപ്പെടാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹമീദ് വാണിയമ്പലത്തിൻ്റെ വെളിപ്പെടുത്തൽ.

മുല്ലപ്പള്ളിയെ മാത്രമല്ല കോൺഗ്രസിനെയും യുഡിഎഫിനെയാകെയും വെട്ടിലാക്കാൻ പാകത്തിനുള്ള വെളിപ്പെടുത്തലാണിത്.

തുടക്കം മുതലേ, ഞങ്ങള്‍ വിശദീകരിച്ചപ്പോഴൊക്കെ ഇതൊരു പ്രാദേശിക നീക്കുപോക്കാണ് എന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലോ, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലോ ഒരു മുന്നണിയുമായും സഹകരിക്കില്ലെന്ന് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിനായി ഞങ്ങള്‍ ആരെയും സമീപിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു രാഷ്ട്രീയം ഉണ്ട്. ഒരു ബദല്‍ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനം എന്ന നിലയ്ക്ക് ഒരിക്കലും വെല്‍ഫയര്‍പാര്‍ട്ടി യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ പിന്തുണയ്ക്കാനാകില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും നീക്കുപോക്കിന് പോകില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഹമീദ് പറഞ്ഞു.

Content: Welfare party to break up with UDF