“ഫോട്ടോ ഒക്കെ ഞാൻ എടുത്ത് തരാം.. പക്ഷേ സഹകരിക്കണം..വൈകിട്ട് ഫ്ലാറ്റിലേയ്ക്ക് വാ”: മോഡലിംഗ് സ്വപ്നം കാണുന്ന ശരാശരി മലയാളി യുവതി നേരിടേണ്ടി വരുന്ന കമൻ്റുകളെക്കുറിച്ച് സാറ ഷെയ്ഖ

single-img
9 January 2021
zara sheikha somu vedha

“ഫോട്ടോ ഒക്കെ ഞാൻ എടുത്ത് തരാം.. പക്ഷേ സഹകരിക്കണം.. ” ” ഫോട്ടോ എടുത്തു . നന്നായി.. പക്ഷേ ചുമ്മാ എനിക്ക് തരാൻ പറ്റുമോ.. നീ വൈകിട്ട് ഫ്ലാറ്റിലേക്ക് വാ. നമുക്ക് ഒന്ന് കൂടാം” .. നിൻ്റെ മുഖം കൊള്ളില്ല.. ബോഡി കൊള്ളാം.. നമുക്ക് ബോഡി മാത്രം nude ആയിട്ട് ഷൂട്ട് ചെയ്താലോ ..” മോഡലിംഗ് എന്ന സ്വപ്നത്തിലേയ്ക്ക് കടക്കുന്നതിനായി ശ്രമിച്ചപ്പോൾ ഒരു മലയാളി യുവതി നേരിടേണ്ടി വന്ന കമൻ്റുകളാണിത്.

ഒരു മൾട്ടിനാഷണൽ കമ്പനിയിൽ എച്ച് ആർ മാനേജരായി ജോലിചെയ്യുന്ന സാറ ഷെയ്ഖയാണ് മോഡലിംഗ് രംഗത്തേയ്ക്ക് വരുന്നതിനായി നേരിടേണ്ടി വന്ന പുരുഷ വീക്ഷണങ്ങളെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്. മോഡലിംഗിനെ താൻ വരുമാനമാർഗമായിട്ടോ ഒരു കരിയറായിട്ടോ അല്ല മറിച്ച് ഒരു പാഷനായിട്ടാണ് കണ്ടതെന്ന് സാറ ഇവാർത്തയോട് പറഞ്ഞു.

“മോഡലിംഗ് തന്നെ ഇങ്ങനെയാണ് എന്ന് കരുതി ഒരുപാട് നാൾ പേടിച്ച് ഞാൻ മാറി നിന്നിട്ടുണ്ട്. ഇത്തരത്തിൽ അഡ്ജസ്റ്റ്മെൻ്റ് ചെയ്ത് പല രീതിയിലും വളർന്നു വരാൻ ആഗ്രഹിക്കുന്ന കുട്ടികളെ മുളയിലെ നുള്ളുന്ന കാട്ടു കോഴികൾ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്. ഒരു വർക്കിൻ്റെ കാര്യം പറഞ്ഞു വന്നിട്ട് അതിൻ്റെ പേരിൽ രാത്രിയിൽ വാട്ട്സ്ആപ് കോളിംഗ്, പല രീതിയിലും video കോളിംഗ്, അവിടെയും ഇവിടെയും കാണിച്ച് സുഖം വരുത്തുന്ന അവരുടെ ലീല വിലാസങ്ങൾ. കഴിഞ്ഞ 2 വർഷമായി ഇതൊക്കെ തന്നെ ആണ് എനിക്ക് പൊതുവേ എല്ലാ മോഡലിംഗ് രംഗത്ത് ഉള്ള ആൾക്കാർ കുറിച്ച് ഉണ്ടായിരുന്ന ചിത്രം.” സാറ പറയുന്നു.

ദുഷ്ടലാക്കോടെ സമീപിക്കുന്നതിനൊപ്പം തന്നെ “അയ്യേ.. ഇത്രേം പൊക്കം പെൺകുട്ടികൾക്ക് നല്ലതല്ല.. “! “സാറാ.. നിന്നെ ക്യാമറയിൽ കണ്ടാൽ അത്ര പോര. നിൻ്റെ ഫേസ് തീരെ ഫോടോജനി ക്ക് അല്ല.. ” എന്നെല്ലാം പറഞ്ഞ് തന്നെ നിരുൽസാഹപ്പെടുത്തുകകൂടി ചെയ്ത പുരുഷകേന്ദ്രീകൃതമായ മോഡലിംഗ് ഇൻഡസ്ട്രിയിലെ “പുലികൾ“ക്കായി തൻ്റെ പുതിയ ഫോട്ടോ ഷൂട്ടിൻ്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടാണ് സാറ മറുപടി നൽകിയത്.

“കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് സ്വയം താല്പര്യമെടുത്തു ഫോട്ടോഷൂട്ട് നടത്തിയത്. ” ശരീരം കാണിക്കാൻ ഉദ്ദേശിച്ചുതന്നെ ചെയ്തതാണ്. എന്റെ മാറിടം, എന്റെ വയറ്, എന്റെ പൊക്കം ഇതെല്ലാം കാണിക്കാൻ വേണ്ടിത്തന്നെയാണ്. ഞാൻ തീരെ ഫോട്ടോജനിക്കല്ല എന്നു പറഞ്ഞ ആളുകൾക്ക് എതിരേ തന്നെയാണ് ആ ഫോട്ടോഷൂട്ട് ചെയ്തിട്ടുള്ളത്. ഞാനൊരു മോഡലല്ല, എസ്റ്റാബ്ലിഷ്ഡ് ആർട്ടിസ്റ്റല്ല. ഇതൊക്കെ ചെയ്യുന്നത് ഒരു താല്പര്യത്തിന്റെ പേരിലാണ്.” സാറ പറയുന്നു.

സോമു വേദ എന്ന ക്യാമറാമാൻ ആണ് സാറയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. തൻ്റെ ഒരു സുഹൃത്തും, സ്വന്തം ജോലി ദൈവികമായി ആയി കാണുന്നയാളുമാണ് സോമു വേദയെന്ന് സാറ പറയുന്നു. അദ്ദേഹം ഒരു വർക്കുമായി സമീപിച്ചപ്പോൾ താൻ യെസ് പറയുകയായിരുന്നു. തന്നോട് പറഞ്ഞ തീം അത് നന്നായി എന്ന് തനിക്കും തോന്നിയെന്നും സാറ പറയുന്നു.

“ഈ ഇവന്മാർ പറഞ്ഞ എൻ്റെ മാറും മറുകും ഒന്നിനും കൊള്ളാത്ത മുഖവും , ക്യാമറയിൽ കൊള്ളാത്ത ഉയരവും, കാണിച്ച് കൊണ്ട് തന്നെ വളരെ നന്നായി കുറച്ച് ഫോട്ടോകൾ എടുക്കാൻ നമുക്ക് സാധിച്ചു.. അതിനു പുറമെ സോമൂ എനിക്ക് കോൺഫിഡൻസ് തന്നു . ഓരോ ഷോട്ടും അത് പൂർണ്ണതയിൽ എത്തി എന്ന് ഉറപ്പ് വരുത്തി.. ഒരിക്കലും എൻ്റെ മാത്രം കഴിവ് അല്ല ഒരു ഫോട്ടോയും. അത് പകർത്തുന്ന ആളിൻ്റെ കൂടി കഴിവും പ്രയത്നവും തന്നെയാണ്.” സാറ പറയുന്നു.

തനിക്ക് എല്ലാ മനുഷ്യരേക്കുറിച്ചും നല്ലതുമാത്രം പറയാനാണ് ഇഷ്ടം. പക്ഷേ, എല്ലാവരും നല്ലവരല്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ട് അത് തുറന്നു പറയാതിരിക്കാനും കഴിയുന്നില്ലെന്നും സാറ പറയുന്നു. ശരീരത്തേക്കുറിച്ചു മാത്രം പറയുകയും ശരീരം ചോദിക്കുകയും ചെയ്യുന്നവർക്കിടയിൽ പെട്ടുപോകാതിരിക്കാൻ ശ്രമിച്ചു വിജയിച്ചു.

“ഒരു ഉദാഹരണം ഇങ്ങനെ: ” ഞാന് സാറയെ അങ്ങോട്ടു വിളിക്കാനിരിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം എന്റെ ഫ്ളാറ്റിലേക്കൊന്നു വരാമോ. നമുക്ക് രാത്രി ഇവിടെക്കഴിഞ്ഞ് ഫോട്ടോകളൊക്കെ സെലക്റ്റ് ചെയ്തിട്ട് രാവിലെ പോകാം”.മോഡലിംഗിന്റെ ഭാഗമായ ഫോട്ടോഷൂട്ട് കഴിഞ്ഞ് മൂന്നാം ദിവസം ഫോട്ടോകൾ തരാമെന്നു പറഞ്ഞ ഫോട്ടോഗ്രാഫറെ വിളിച്ചപ്പോഴത്തെ മറുപടിയാണ്. ഇടയ്ക്ക് ഒരു വര്ഷം ദുബൈയിലായിരുന്നു. അവിടെവച്ച് ഒരിക്കലും ഉണ്ടാകാത്ത ദുരനുഭവങ്ങളാണ് സ്വന്തം നാട്ടില് എനിക്ക് ഉണ്ടായത്.” സാറ പറയുന്നു.

മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞ് വിലയിട്ടിരിക്കുന്നത് എന്റെ അവയവങ്ങൾക്കാണ്. മുഖത്തിനു വിലയിട്ടിട്ടില്ല. എന്തുകൊണ്ടാണ് സ്ത്രീശാക്തീകരണത്തേക്കുറിച്ച് ആളുകൾ ഏറ്റവുമധികം സംസാരിക്കുന്ന ഈ കാലത്തും സ്ത്രീയുടെ അന്തസ്സും അഭിമാനവും പരിഗണിക്കാതെ ആളുകൾ പെരുമാറുന്നതെന്നും സാറ ചോദിക്കുന്നു.

“ഏതു മേഖലയിലും സ്ത്രീകളെ കഴിവുകളുടെ അടിസ്ഥാനത്തിൽ ​ ഉയർത്തിക്കൊണ്ടുവരാൻ പലതലങ്ങളിൽ ശ്രമങ്ങൾ നടക്കുമ്പോൾ മറുവശത്ത് ഇങ്ങനെ ശരീരം മാത്രമായി സ്ത്രീയെ കാണുന്നത് എങ്ങനെ സഹിക്കാൻ പറ്റും? ​ എന്തു സുരക്ഷിതത്വമാണ് സ്ത്രീക്കുള്ളത് ? എത്ര പേര് ഇത്തരം അനുഭവങ്ങൾ പറയാൻ തയ്യാറാകും? പുറത്തു പറയാത്ത എത്രയോ അനുഭവങ്ങൾ നമ്മുടെ എത്രയോ പെണ്കുട്ടികള്ക്കും സ്ത്രീകള്ക്കും ഉണ്ടായിരിക്കും? ​” സാറ ചോദിക്കുന്നു.

ഇത് ഒരു ട്രെയിലർ ആണെന്ന് കരുതിയാൽ മതി. തൻ്റെ കൂടുതൽ മികച്ച മോഡലിംഗ് ചിത്രങ്ങളുമായി താൻ ഇവിടെത്തന്നെ ഉണ്ടാകുമെന്നും സാറ പറയുന്നു.

Content: Zara Sheikha explains hurdles to be faced to enter the modelling industry ruled by patriarchy and misogyny