മുൻ ജസ്റ്റിസ് കമാൽ പാഷ കളമശ്ശേരിയിൽ മൽസരിക്കുമെന്ന് റിപ്പോർട്ടുകൾ; ലീഗ് ഉന്നതരുമായി ചർച്ച നടത്തി

single-img
9 January 2021

മുൻ ഹൈക്കോടതി ന്യായാധിപൻ ജസ്റ്റിസ് കമാൽ പാഷ കളമശ്ശേരി നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഹൈദരലി തങ്ങൾ അടക്കമുള്ള ലീഗ് ഉന്നതരുമായി ചർച്ച നടന്നതായും ഇവാർത്തയ്ക്ക് വിവരം ലഭിച്ചു.

ജസ്റ്റിസ് കമാൽ പാഷ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് നേരറിയാൻ എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കളമശേരി, ചടയമംഗലം, പുനലൂർ ഇവയിൽ ഏതെങ്കിലും ഒരു സീറ്റിൽ സ്ഥാനാർഥിയാക്കാനാണ് യു ഡി എഫ് നേതൃത്വം മുൻഗണന നൽകുന്നതെന്നും എന്നാൽ, തൻ്റെ ജന്മനാടായ അഞ്ചൽ ഉൾപ്പെടുന്ന പുനലൂർ മണ്ഡലത്തിനാണ് കെമാൽ പാഷ മൂൻതൂക്കം നൽകുന്നതെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ഇതിന് പിന്നാലെ യുഡിഎഫ് ക്ഷണിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്നും എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും ജസ്റ്റിസ് കമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ല. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം വ്യക്തമാക്കി.

2011-ൽ രൂപീകരിച്ചതിന് ശേഷം ഇതുവരെയും വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ ആയി തുടരുന്ന മണ്ഡലമാണ് കളമശ്ശേരി. എന്നാൽ ഇബ്രാഹിം കുഞ്ഞ് അഴിമതിക്കേസിൽ ജയിലിലായതോടെ പൊതുസ്വീകാര്യതയുള്ള ഒരു സ്ഥാനാർത്ഥിയെ മൽസരിപ്പിച്ച് മണ്ഡലം നിലനിർത്താനാണ് ലീഗ് ശ്രമിക്കുന്നതെന്നാണ് വിവരം.

Content: Kamal Pasha may contest assembly elections from Kalamassery as UDF candidate