വൈറ്റില പാലം അതിക്രമിച്ച് തുറന്ന കേസിൽ നിപുൺ ചെറിയാന് ജാമ്യമില്ല; മറ്റ് മൂന്ന് പേർക്ക് ജാമ്യം

single-img
7 January 2021
vyttila bridge v 4 kerala nipun cherian

കൊച്ചി: വൈറ്റില മേല്‍പ്പാലത്തിൽ ഉദ്ഘാടനത്തിനു മുമ്പേ അതിക്രമിച്ച് കയറി ബാരിക്കേഡുകൾ നീക്കുകയും പാലം തുറന്ന് നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്ത കേസില്‍ വി 4 കൊച്ചി ക്യാമ്പയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാൻ്റെ ജാമ്യാപേക്ഷ നിരസിച്ച് കോടതി. അതേസമയം, ബുധനാഴ്ച അറസ്റ്റിലായ മറ്റു മൂന്ന് വി 4 കൊച്ചി പ്രവര്‍ത്തകര്‍ക്ക് എറണാകുളം സി.ജെ.എം. കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

വി 4 കൊച്ചി സ്ഥാപകനേതാക്കളായ ആഞ്ചലോസ്, റാഫേല്‍, പ്രവര്‍ത്തകന്‍ സൂരജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യവും ഒരാള്‍ക്ക് 25,000 രൂപ വീതവും കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ ഷക്കീര്‍ അലി, ആന്റണി ആല്‍വിന്‍, സാജന്‍ അസീസ് എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ഒപ്പം നിപുൺ ചെറിയാൻ്റെ ജാമ്യാപേക്ഷയും അടുത്ത ദിവസം പരിഗണിക്കും.

അതേസമയം, നിപുണ്‍ ചെറിയാന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വി 4 കൊച്ചി ഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ വി ഫോര്‍ കൊച്ചിയ്ക്ക് പങ്കില്ലെന്നും തങ്ങളുടെ പ്രവര്‍ത്തകരെ പോലീസ് മനഃപൂര്‍വം വേട്ടയാടുകയാണെന്നും വി 4 കൊച്ചി നേതാവ് വിജേഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് നാളെ സംഘടന പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും വിജേഷ് കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാത്രിയാണ് നിര്‍മാണം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ ഒരു ഭാഗത്തെ ബാരിക്കേഡുകള്‍ തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ടത്. തുടര്‍ന്ന്, സംഭവത്തിനു പിന്നില്‍ വി 4 കൊച്ചിയാണെന്ന് ആരോപിച്ച് നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 31ന് വി 4 കൊച്ചി പാലത്തിലേക്ക് പദയാത്ര നടത്തിയിരുന്നു.

Content: Vyttila flyover case: V4 Kerala leader Nipun Cherian denied bail by CJM court