ക്യാപ്പിറ്റോൾ മന്ദിരം ആക്രമണത്തിനിടെ ഇന്ത്യൻ പതാകയുമായി ട്രമ്പനുകൂലികൾ; രാജ്യത്തിന് നാണക്കേട്

single-img
7 January 2021

അമേരിക്കയിലെ ക്യാപ്പിറ്റോൾ മന്ദിരത്തിൽ ആക്രമണം(US Capitol building attack) നടത്തിയ ട്രമ്പ് അനുകൂലികളോടൊപ്പം ചിലർ ഇന്ത്യൻ പതാക വീശിയെത്തിയത് വിവാദമാകുന്നു. അമേരിക്കയുടെ ചരിത്രത്തിൽത്തന്നെ ആദ്യമെന്ന് പറയാവുന്ന നിർഭാഗ്യകരമായ ഒരു സംഭവത്തിൽ ഇന്ത്യൻ പതാകയുമായി പങ്കെടുത്തത് രാജ്യത്തിന് തന്നെ നാണക്കേടാകുകയാണ്.

അമേരിക്കൻ പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നാരോപിച്ചായിരുന്നു ആയിരക്കണക്കിന് വരുന്ന ഡൊണാൾഡ് ട്രമ്പിൻ്റെ അനുയായികൾ ക്യാപ്പിറ്റോൾ മന്ദിരത്തിലേയ്ക്കിരച്ച് കയറിയത്. ഇവർ പൊലീസുമായി ഏറ്റുമുട്ടുകയും നാലുപേർ മരിക്കുകയും ചെയ്തു. വോട്ടെണ്ണൽ തടയുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.

“ഞങ്ങളാഗ്രഹിക്കുന്നത് ട്രമ്പ് വരണമെന്നാണ്” എന്ന മുദ്രാവാക്യവുമായി പൊലീസുമായി ഏറ്റുമുട്ടുന്ന അക്രമികളിൽ ചിലർ ഇന്ത്യൻ പതാക വീശിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഒരു രാജ്യത്തിൻ്റെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ നടത്തിയ അക്രമത്തിനിടയിലാണ് ഇന്ത്യൻ പതാക വീശിയിരിക്കുന്നത്.

ഡൊണാൾഡ് ട്രമ്പിനും അദ്ദേഹത്തിൻ്റെ വംശീയനിലപാടുകൾക്കും അമേരിക്കയിലും ഇന്ത്യയിലുമുള്ള ഹിന്ദുത്വവാദികളുടെ വലിയ പിന്തുണയാണുണ്ടായിരുന്നത്. തനിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്ന് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രമ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ ക്യാപ്പിറ്റോൾ മന്ദിരത്തിന് നേരേയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ യുദ്ധങ്ങളിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Content: Indian flag waved in the middle of Trump supporter mob during US Capitol building attack