ഒന്ന് പോയിനോക്ക്, വലിയ പ്രതീക്ഷയൊന്നും വേണ്ട; 19 വയസുള്ള ദേവാംഗ് തന്റെ ഡ്രോൺ ഉപയോഗിച്ച് രക്ഷിച്ചത് 4 മൽസ്യത്തൊഴിലാളികളുടെ ജീവൻ

single-img
7 January 2021
devang save fishermen

കഴിഞ്ഞ ദിവസം തളിക്കുളത്ത് കടലിൽ വള്ളം തകർന്ന് നാലുപേരെ കാണാതായി എന്ന വാർത്ത മാധ്യമങ്ങളിൽ പ്രധാന വാർത്തയായിരുന്നു. നാടും നാട്ടുകാരുമൊക്കെ ഒരു ദുരന്തത്തിന്റെ ഭീതി പരസ്പരം പങ്കുവെച്ച മണിക്കൂറുകൾ. 12 നോട്ടിക്കല്‍ മൈല്‍ അകലെ വെള്ളത്തിൽ കിടന്ന മത്സ്യത്തൊഴിലാളികളെ രക്ഷച്ചിരിക്കുകയാണ് 19 കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ദേവാംഗ്. തന്റെ ഡ്രോണ്‍ ഉപയോഗിച്ചാണ് ദേവാംഗ് ഇവരെ കണ്ടെത്തിയത്.

രാവിലെ പത്ത് മണിയോടെയാണ് ദേവാങ്കിനെ വിളിച്ച്‌ അച്ഛൻ ആ വിവരമറിയിക്കുന്നത്. കേട്ടതും കയ്യിലുള്ള ഡ്രോണുമെടുത്ത് നേരെ സ്നേഹതീരത്തേക്ക്. വള്ളം തകർന്നിട്ട് അപ്പോഴേക്കും നാല് മണിക്കൂർ പിന്നിട്ടിരുന്നു. മൽസ്യ തൊഴിലാളികൾ ഒരുക്കിയ ബോട്ടിൽ ജീവിതത്തിൽ ആദ്യമായി ഉൾക്കടലിലേക്ക് പുറപ്പെടുമ്പോൾ പലരും പറഞ്ഞത് ഒന്ന് പോയിനോക്ക്, വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നായിരുന്നു.

നാല് മണിക്കൂർ കഴിഞ്ഞത് കൊണ്ട് തന്നെ തിരച്ചിൽ നടത്തിയിരുന്ന സർവരും പ്രതീക്ഷയസ്തമിച്ച ആ മാനസിക നിലയിൽ തന്നെയായിരുന്നു. കരയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ ഉൾക്കടലിലെത്തിയപ്പോൾ ശക്തമായ കാറ്റുള്ളത് കൊണ്ട് ഡ്രോൺ പറത്താനും ഏറെ ബുദ്ധിമുട്ടിയെന്ന്‌ ദേവാങ്ക് പറയുന്നു. പറത്തുന്നതിനേക്കാൾ പ്രയാസമായിരുന്നത്രെ ബോട്ടിലേക്ക് സെയിഫായി ഡ്രോൺ തിരികെ ലാൻഡ് ചെയ്യിക്കുക എന്നത്.

തിരച്ചിലിനിടയിൽ കുടങ്ങൾക്ക് മീതെ ജീവന് വേണ്ടി യാചിക്കുന്ന മൂന്ന് പേരെയും ഒരാളെ കുടങ്ങളൊന്നുമില്ലാതെ ഒഴുകി നടക്കുന്ന രൂപത്തിലും ഡ്രോൺ പകർത്തി. പത്ത് മിനുട്ട് വൈകിയിരുന്നെങ്കിൽ ആ ഒഴുകി നടന്നിരുന്ന മനുഷ്യനെ ജീവനോടെ കിട്ടുമായിരുന്നില്ലെന്ന്‌ ദേവാങ്ക് പറയുന്നു. ബോട്ടിലേക്ക് പിടിച്ചു കയറ്റിയതും ആ മനുഷ്യൻ ബോധം കെട്ട് വീണു പോയിരുന്നു.

ബാംഗ്ളൂരിൽ ബി ടെക്ക് എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് ദേവാങ്ക്. ഒരു ദുരന്ത മുഖത്ത് ഒരല്പം പോലും പതറാതെ, മറ്റൊരു ഡിപ്പാർട്ട്മെന്റിന്റെയും സഹായത്തിനായി കാത്തുനിൽക്കാതെ, തന്റെ കയ്യിലുള്ള ഒരു ഡ്രോണുകൊണ്ട് നാല് വിലപ്പെട്ട ജീവനുകൾ രക്ഷപ്പെടുത്തിയ ദേവാങ്ക് തന്നെയാണ് ഇന്ന് തളിക്കുളത്തെ ചർച്ചകളിലെ താരം. തുടർന്ന് ദേവാംഗിനെ തേടി അഭിനന്ദന പ്രവാഹമായിരുന്നു. പ്രാദേശിക നേതാക്കള്‍ തൊട്ട് മന്ത്രിമാര്‍ വരെ അഭിനന്ദനവുമായി എത്തി. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് വിനോദയാത്രക്കിടെ കാട്ടിലകപ്പെട്ട കൂട്ടുകാരെയും ദേവാംഗ് ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്.