ഉദ്ഘാടനത്തിന് മുന്നേ വൈറ്റില പാലം അതിക്രമിച്ച് തുറന്ന് പ്രഹസനം; ട്രാഫിക് കുരുക്ക്: “വി ഫോർ കേരള” നേതാക്കൾ പിടിയിൽ

single-img
6 January 2021

മരട്: വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് അതിക്രമിച്ച് തുറന്ന് നഗരത്തിൽ ട്രാഫിക് കുരുക്ക് സൃഷ്ടിച്ച “വി ഫോർ കേരള” സംഘടന പ്രവർത്തകരെ മരട് പോലീസ് അറസ്റ്റ് ചെയ്തു. വി ഫോർ കേരള കൊച്ചി കോർഡിനേറേറർ നിപുൺ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരിൽ വി ഫോർ പ്രവർത്തകർ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെ അതിക്രമിച്ച് കടന്ന് തുറന്നത്. ഔദ്യോഗികമായ ഉദ്ഘാടനം ആവശ്യമില്ലെന്ന വാദമുയർത്തിയായിരുന്നു ഇവരുടെ ഈ പ്രവൃത്തി.

വി ഫോർ കേരള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ ഭാഗത്ത് പോലീസ് കാവൽ ഉണ്ടായിരുന്നു. വി ഫോർ കേരള പ്രവർത്തകർ അരൂർ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത്‌ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്ത് വാഹനങ്ങൾ മേൽപാലത്തിലേക്ക് കടത്തിവിടുകയാണ് ചെയ്തത്. ഇത്തരത്തിൽ കടത്തിവിട്ട വാഹനങ്ങൾ പാലത്തിന്റെ മറുവശത്ത് എത്തിയപ്പോൾ അവിടെ ബാരിക്കേഡുകൾ ഉണ്ടായതിനാൽ ആലുവ ഭാഗത്തേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് മുക്കാൽ മണിക്കൂറോളം ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, അന്യായമായി കൂട്ടം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് മരട് എസ് എച്ച് ഒ ഇവാർത്തയോട് പറഞ്ഞു. ഇവരെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പോലീസ് കണക്കാക്കിയിരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Content: V4 Kerala Leaders held for illegally “inaugurating” Vyttila Flyover