പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ആവശ്യമില്ല; ജനങ്ങളുടെ വകയാണ് പാലം: ജസ്റ്റിസ് കമാല്‍ പാഷ

single-img
6 January 2021

എറണാകുളം ജില്ലയിലെ വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്ന സംഭവത്തില്‍ വീ ഫോര്‍ കേരളപ്രവര്‍ത്തകരെ ന്യായീകരിച്ച് ഹൈക്കോടതി മുൻ ജസ്റ്റിസ് കമാല്‍ പാഷ. ജനങ്ങൾ കഴിഞ്ഞ ദിവസം മേല്‍പാലം തുറന്നു നല്‍കിയ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ”ഉദ്ഘാടനം എന്ന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പാലം തുറക്കാന്‍ മുഹൂര്‍ത്തം നോക്കി നില്‍ക്കുകയാണ്. പണികഴിഞ്ഞാല്‍ അതു തുറന്നു കൊടുത്തേക്കെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ തീരുന്നിടത്താണിത്.- അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന മുഖ്യമന്ത്രി കാലെടുത്തു വെച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ. ആദ്യം അതിൽ ഇന്നയാളെ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലം,” കമാല്‍ പാഷ പറഞ്ഞു.പൂർണ്ണമായും നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പാലം തുറന്നു നല്‍കിയിട്ടില്ല. സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ സമയത്തെ വിലപേശലിന് വെച്ചിരിക്കുകയാണ് ഇതൊക്കെ. അതുകൊണ്ടാണ് പാലം തുറന്നു കൊടുക്കാന്‍ വൈകിപ്പിക്കുന്നത്. ജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജനുവരി 9ന് തുറക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഇപ്പോഴുള്ള ഇടിഞ്ഞു പൊളിഞ്ഞ വഴിയില്‍ മണിക്കൂറുകള്‍ കിടന്നു വീര്‍പ്പുമുട്ടുകയാണ് ജനങ്ങളിപ്പോള്‍. അവരുടെ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നതെന്നും കമാല്‍ പാഷ പറഞ്ഞു. വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം എന്നോര്‍ക്കണം. പൊതുജനങ്ങളുടെ പണം, പൊതുജനങ്ങളുടെ സ്ഥലം. അതില്‍ കയറാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്.- അദ്ദേഹം പറഞ്ഞു.