ഇടവഴിയും വയലും പുരയിടങ്ങളും താണ്ടി അയിരൂപ്പാറ കൊലപാതക കേസിലെ പ്രതിയുടെ വീട് തേടി തെളിവ് കണ്ടെത്തി സാറ എന്ന പോലീസ് നായ

single-img
6 January 2021

പോത്തന്‍കോട് മധ്യവയസ്കനെ സുഹൃത്തുക്കള്‍ വെട്ടിക്കൊന്ന കേസിൽ സുഹൃത്തുക്കളായ അനില്‍, കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പോത്തന്‍കോട് അയിരൂപ്പാറയിൽ രാധാകൃഷ്ണൻ എന്നയാളെയാണ് കൊലപ്പെടുത്തിയത്‌. ഇടവഴിയും വയലും പുരയിടങ്ങളും താണ്ടിയാണ് കേസിലെ പ്രതിയായ അനിലിന്റെ വീട് തേടി സാറ എന്ന പോലീസ് നായ എത്തിയത്.

പ്രതിയുടെ വീട്ടിലെത്തിയ സാറ പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച രക്തക്കറപുരണ്ട കൈലി കട്ടിലിന്റെ അടിയില്‍നിന്ന് കണ്ടെത്തി. കൊലനടന്ന സ്ഥലത്തുനിന്ന് ലഭിച്ച വെട്ടുകത്തിയുടെ മണം പിടിച്ചാണ് സാറ ഓടിയത്.പ്രതിയുടെ ഷര്‍ട്ട് ഹാളില്‍നിന്നു കണ്ടെത്തി. ഇരുവസ്ത്രങ്ങളും കടിച്ചെടുത്തുകൊണ്ട് പുറത്തുവന്ന് കുരച്ചാണ് തെളിവ് ഹാജരാക്കിയത്.

അതു വരെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ അത് കഴിഞ്ഞാണ് അറസ്റ്റുചെയ്തത്. വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെ 309-ാം നമ്പര്‍ ട്രാക്കറാണ് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലെ സാറ. സാറാ വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെത്തിയിട്ട് ആദ്യമായി പ്രതിയെ തിരിച്ചറിഞ്ഞ ആദ്യ കേസ് കൂടിയാണ്. സാറയ്ക്ക് പോലീസ് റിവാര്‍ഡിനു ശുപാര്‍ശയും ചെയ്തു.

പോത്തന്‍കോടിനടുത്ത് അയിരൂപ്പാറ ജംക്‌ഷനില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട രാധാകൃഷ്ണനും പ്രതികളായ അനിലും കുമാറും ഒരുമിച്ച് കടത്തിണ്ണയിലിരുന്ന് മദ്യപിച്ചു. ഇതിനുശേഷം ക്രൂരമായി വെട്ടിക്കൊല്ലുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിലത്ത് വീണ രാധാകൃഷ്ണനെ ആദ്യം കുമാറാണ് വെട്ടുന്നത്. 

അതിനു ശേഷം ഓടിയെത്തിയ അനില്‍ പലതവണ ആവര്‍ത്തിച്ച് വെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. രക്തം വാര്‍ന്ന് വഴിയില്‍ കിടക്കുന്ന നിലയില്‍ യാത്രക്കാരാണ് രാധാകൃഷ്ണനെ കണ്ടത്. അവര്‍ പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിച്ചു. മരിക്കും മുന്‍പ് തന്നെ അനിലും കുമാറുമാണ് ആക്രമിച്ചതെന്ന് രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. 

സിസിടിവി ദൃശ്യങ്ങളും തെളിവായതോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മൂവരും മദ്യപിക്കാനായി പലപ്പോഴും ഒത്തുകൂടാറുണ്ടായിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ നിഗമനം. കുമാറും രാധാകൃഷ്ണനും തമ്മില്‍ നേരത്തെയും ചില പ്രശ്നങ്ങളുള്ളതായി പോത്തന്‍കോട് പൊലീസ് അറിയിച്ചു.