വിവാഹദിനത്തിൽ വരൻ ഒളിച്ചോടി; തകർന്നു നിന്ന കുടുംബത്തെയും സിന്ധുവിനേയും കൈപിടിച്ച് അതിഥി

single-img
6 January 2021

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിവാഹദിനത്തിൽ വരൻ ഒളിച്ചോടിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ വധുവിനെ അതിഥിയായ എത്തിയ യുവാവ് വിവാഹം ചെയ്തു.

സഹോദരങ്ങളായ നവീന്റെയും അശോകിന്റെയും വിവാഹം ഒരേ ദിവസം നടത്താനാണ് നിശ്ചയിച്ചിരുന്നത്.എന്നാൽ വിവാഹമണ്ഡപത്തിലെത്തി താൻ വിഷം കഴിക്കുമെന്ന കാമുകിയുടെ ഭീഷണിയെത്തുടർന്ന് നവീൻ അവസാന നിമിഷം കാമുകിയോടൊപ്പം ഒളിച്ചോടുകയായിരുന്നു. 

മണ്ഡപത്തിലെത്തിയപ്പോഴാണ് പ്രതിശ്രുത വധു സിന്ധു ഇക്കാര്യങ്ങൾ അറിയുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയശേഷം വിവാഹം മുടുങ്ങിയതോടെ സിന്ധുവും കുടുംബം തകർന്നു. അതേ സമയം നവീന്റെ സഹോദരൻ അശോകിന്റെ വിവാഹം നടക്കുകയും ചെയ്തു. 

ഈ അവസരത്തിലാണ് വിവാഹത്തിനെത്തിയ ചന്ദ്രപ്പ എന്ന യുവാവ് രക്ഷകനായത്. ബിഎംടിസിയിൽ കണ്ടക്ടറാണ് താനെന്നും സിന്ധുവിനും വീട്ടുകാർക്കും സമ്മതമാണെങ്കിൽ വിവാഹം ചെയ്യാൻ തയാറാണെന്നും ചന്ദ്രപ്പ അറിയിച്ചു. സിന്ധുവും വീട്ടുകാരും സമ്മതം മൂളിയതോടെ ഇവരുടെ വിവാഹം അതേ മണ്ഡപത്തിൽവെച്ച് നടന്നു.  

അതേസമയം നവീനെയും കാമുകിയെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ബെംഗളൂരു മിറർ റിപ്പോർട്ട് ചെയ്യുന്നു.