താജ്മഹലിനുള്ളിൽ കാവിക്കൊടി വീശലും മന്ത്രോച്ചാരണവും; നാലുപേർ അറസ്റ്റിൽ

single-img
5 January 2021

ആഗ്ര: താജ്മഹൽ പരിസരത്ത് കാവിക്കൊടി വീശുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്ത നാലു യുവാക്കൾ അറസ്റ്റിൽ. ഹിന്ദു ജഗ്രന്‍ മഞ്ചി(Hindu Jagran Manch)ന്റെ യുവജനസംഘടനയുടെ ഭാരവാഹികളും പ്രവർത്തകരുമാണ് അറസ്റ്റിലായത്. താജ്മഹല്‍(Taj Mahal) പരിസരത്ത് യാതൊരുവിധത്തിലുള്ള മതപരിപാടികളോ മതപ്രചാരണമോ നടത്താന്‍ പാടില്ല എന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി.

തിങ്കളാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. താജ്മഹലിനുള്ളില്‍ വെച്ച് യുവാക്കള്‍ കാവിക്കൊടി(saffron flags) വീശുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യൂടൂബില്‍ ഫോളോവേഴ്‌സിനെ കൂട്ടുന്നതിനായി സംഘടനയില്‍ ഉള്‍പ്പെട്ട യുവാക്കള്‍ തന്നെയാണ് വീഡിയോ എടുത്ത് സമൂഹമാധ്യമപ്ലാറ്റ്‌ഫോമുകളില്‍ അപ്പ്‌ലോഡ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

മതസ്പര്‍ധ വളര്‍ത്തുന്നതിന് മനപൂര്‍വ്വം ശ്രമിച്ചു എന്നതിന്റെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഗൗരവ് ഠാക്കൂർ(Gaurav Thakur), പ്രവര്‍ത്തകരായ റിഷി ലവാനിയ(Rishi Lavania), സോനു ബാഗല്‍(Sonu Baghel), വിശേഷ് കുമാര്‍(Vishesh Kumar) എന്നിവര്‍ക്കെതിരെയാണ് പൊലീസിന്റെ നടപടി.  ലോക്കല്‍ പൊലീസും സിഐഎസ്എഫും സംയുക്തമായാണ് നാലുപേരെയും കുടുക്കിയത്.

ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലും ഹുന്ദു ജാഗ്രൺ മഞ്ചിൻ്റെ പ്രവർത്തകർ താജ് മഹലിനുള്ളിൽക്കടന്ന് കാവിക്കൊടി വീശിയിരുന്നു. താജ് മഹൽ “തേജോമഹാലയ” എന്നുപേരുള്ള ഒരു ഹിന്ദു ക്ഷേത്രമായിരുന്നു എന്ന അടിസ്ഥാനരഹിതമായ വാദമുയർത്തിയാണ് ഈ സംഘടനകൾ ഇത്തരം പ്രകടനങ്ങൾ നടത്തുന്നത്.

Content: Four held for waving saffron flags at Taj Mahal complex