കേരളത്തില്‍ അതിതീവ്ര കോവിഡ് ആറുപേർക്ക് സ്ഥിരീകരിച്ചു

single-img
4 January 2021
kerala covid 19 updates today

ബ്രിട്ടനിൽ കണ്ടെത്തിയ അതിതീവ്ര കോവിഡ് വൈറസ് ബാധ ആറുപേർക്ക് കേരളത്തില്‍ സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് അടിയന്തിര പത്രസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് 2, ആലപ്പുഴ 2 കോട്ടയം കണ്ണൂര്‍ എന്നിവിടങ്ങളിലെ ഓരോ പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

യുകെയിൽ നിന്നെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് വലിയ സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 32 പേരാണ് യുകെയിൽ നിന്നും കേരളത്തിൽ എത്തിയത്. ഇതിൽ 12 പേരുടെ ഫലം നേരത്തേ വന്നിരുന്നു. അവരിൽ കോവിഡ് ബാധയുണ്ടെങ്കിലും പുതിയതരം വൈറസ് ഉണ്ടായിരുന്നില്ല. പിന്നീട് ടെസ്റ്റിനയച്ച 20 സാമ്പിളുകളിൽ ആറെണ്ണത്തിലാണ് പുതിയതരം വൈറസ് കണ്ടെത്തിയത്.

നിലവിൽ സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കി. പുതിയതരം വൈറസ് മറ്റുള്ളവരിലേയ്ക്ക് പടരാൻ സാധ്യത വളരെ കടുതലായതിനാൽ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ളവര്‍ ആരോഗ്യവകുപ്പിനെ സ്വമേധയാ വിവരമറിയിക്കാൻ സന്നദ്ധരാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.