നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സഖ്യം ആവർത്തിക്കരുത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
3 January 2021

വെൽഫെയർ പാർട്ടി ബന്ധം രാഷ്ട്രീയമായി മുന്നണിക്ക് ദോഷം ചെയ്തു, ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ ബന്ധം അരുതെന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് ഞാൻ ഉയർത്തിപ്പിടിച്ചതെന്ന് കെ പി സിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. അതു പറയാൻ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ബാധ്യസ്ഥനാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ആ സഖ്യം ആവർത്തിക്കരുത്, അത്തരം വർഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടിക്കുകയേയുള്ളൂ എന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, ഇവരെല്ലാമായി എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎം കൂട്ടുകെട്ടുണ്ടാക്കും. പക്ഷേ ജാഗ്രതയോടെ അതു കൈകാര്യം ചെയ്യും. ‘കോൺഗ്രസ് ഒരു മതനിരപേക്ഷ കക്ഷിയാണ്. മതസംഘടനാ നേതാക്കളുമായി ആശയ വിനിയമം നടത്തുന്നതിൽ തെറ്റില്ല. എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതാണു കോൺഗ്രസിന്റെ സമീപനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആനയും അമ്പാരിയുമായി, കൊട്ടും കുരവയുമായി അതിനു മുതിർന്നാൽ പക്ഷേ അപകടമാണ്, ആത്മഹത്യാപരമാണ്. അതാണ് ഇപ്പോൾ സംഭവിച്ചത്.

ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്കു വഴി മുസ്ലിം ജനവിഭാഗത്തിൽ തന്നെ ഒരു വലിയ വിഭാഗം യുഡിഎഫിന് എതിരായി. ക്രിസ്ത്യൻ, ഭൂരിപക്ഷ വിഭാഗങ്ങളിൽ അന്യതാബോധം ഉണ്ടായി. ഇത്തരം കക്ഷികളുമായി കോൺഗ്രസ് ധാരണ ഉണ്ടാക്കരുത് എന്നാണു രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ചത്. ഘടകകക്ഷികൾ നീക്കു പോക്ക് നടത്തുന്നതിൽ നമ്മുക്ക് ഇടപെടാനും കഴിയില്ല’- അദ്ദേഹം പറഞ്ഞു.