യുവാവിന്റെ വിവാഹാഭ്യര്‍ഥനക്ക് യെസ് പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ കാല്‍ വഴുതി 650 അടി താഴേക്ക്; യുവതി അദ്‌ഭുതകരമായി രക്ഷപ്പെട്ടു

single-img
2 January 2021

പ്രണയത്തിലാകുക എന്നത് ഒരു സ്വർഗ്ഗീയ വികാരമാണ്. അത് ജീവിതത്തിലെ എല്ലാം മികച്ചതും തിളക്കമുള്ളതും മനോഹരവുമാക്കുന്ന ഒരു മാന്ത്രിക അനുഭവം ആണ്. നമുക്ക് പ്രണയം തോന്നുന്ന ആളിൽ നിന്നും ഒരു ‘യെസ്’ കിട്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അനുഭവസ്ഥര്‍ക്ക് നന്നായറിയാം.

ജീവിതകാലം മുഴുവനും ഒന്നിച്ചുണ്ടാകുമോ എന്ന ചോദ്യവും അതിന് ലഭിക്കുന്ന മറുപടിയും നിര്‍ണായകവുമാണ്. ഇവിടെ ഓസ്ട്രിയയിലെ ഒരു യുവാവ് തന്റെ പ്രണയിനിയോട് നടത്തിയ വിവാഹാഭ്യര്‍ഥനയും തുടര്‍ന്നുണ്ടായ അപ്രതീക്ഷിത അപകടവും ജീവിതത്തിലൊരിക്കലും രണ്ടുപേർക്കും മറക്കാനാവാത്തതാണ്.

  

ഓസ്‌ട്രേലിയയിലെ ക്യാരിന്തിയ മേഖലയിലെ ഫാല്‍കെര്‍ട്ട് പര്‍വ്വതമാണ് ഇരുപത്തേഴുകാരന്‍ തന്റെ വിവാഹാഭ്യര്‍ഥനയ്ക്കായി തിരഞ്ഞെടുത്ത സ്ഥലം. മുപ്പത്തിരണ്ടുകാരിയായ തന്റെ കാമുകിക്കൊപ്പം ഫാല്‍കെര്‍ട്ടിലേക്ക് നടത്തിയ ട്രെക്കിനൊടുവിലായിരുന്നു യുവാവിന്റെ വിവാഹാഭ്യര്‍ഥന. പര്‍വ്വതമുനമ്പില്‍ നില്‍ക്കുകയായിരുന്ന പ്രണയിനി സന്തോഷത്തോടെ ‘ഓകെ’ പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ കാല്‍ വഴുതി 650 അടി താഴേക്ക് പതിച്ചു. 

വീണത് മഞ്ഞിന്റെ മുകളിലേക്കായിരുന്നതിനാല്‍ വലിയൊരു ദുരന്തത്തില്‍ നിന്ന് യുവതി രക്ഷപ്പെടുകയായിരുന്നു. യുവതിയെ വീഴ്ചയില്‍ നിന്ന് രക്ഷിക്കാനായി പിടിച്ച യുവാവും മുന്നോട്ടാഞ്ഞെങ്കിലും മുനമ്പില്‍ തൂങ്ങിക്കിടന്നു. പിന്നീട് കൈവിട്ട്  50 അടി താഴ്ചയിലേക്ക് യുവാവ് വീണു. ഭാഗ്യവശാല്‍ ഗുരുതര പരിക്കുകളേല്‍ക്കാതെ ഇരുവരും രക്ഷപ്പെട്ടു. മഞ്ഞ് മൂടിക്കിടന്നത് കൊണ്ടാണ് വീഴ്ചയുടെ ആഘാതത്തില്‍ നിന്ന് യുവതിയ്ക്ക് രക്ഷപ്പെടാനായത്. 

ഇരുവര്‍ക്കും അടിയന്തരചികിത്സ നല്‍കി. യുവാവിന് നട്ടെല്ലിന് ചെറിയ പരിക്കുള്ളതൊഴിച്ചാല്‍ വേറെ ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു . ഇതാദ്യമല്ല വിവാഹാഭ്യര്‍ഥനകള്‍ അപകടങ്ങളില്‍ അവസാനിക്കുന്നത്. തോണിയില്‍ വിവാഹാഭ്യര്‍ഥന നടത്തി തോണി മറിഞ്ഞ് യുവാവ് വെള്ളത്തില്‍ വീണതും വീട് കത്തിയതുമൊക്കെ മുന്‍സംഭവങ്ങളാണ്.