രണ്ടര മണിക്കൂറോളം നാടിനെ വിറപ്പിച്ച പോത്തിനെ എരുമയെ കൊണ്ടു അനുനയിപ്പിച്ചു

single-img
2 January 2021

വാഹനത്തിൽ കശാപ്പിനായി കൊണ്ടുവന്ന പോത്തിനെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയത് പരിഭ്രാന്തി പടർത്തി. നാല് കിലോമീറ്ററിലേറേ ദൂരം ഓടിയ പോത്തിനെ രണ്ടര മണിക്കൂറിനുശേഷമാണ്‌ പിടികൂടാനായത്. നാടിനെ വിറപ്പിച്ച പോത്തിനെ എരുമയെ കൊണ്ടു വന്ന് അനുനയിപ്പിച്ചാണ് വരുതിയിലാക്കിയത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കോതനല്ലൂർ കുഴിയാഞ്ചാൽ കശാപ്പു ശാലയിലാണ് സംഭവം. കശാപ്പ് തൊഴിൽ ചെയ്യുന്ന ജോയി എന്ന വ്യാപാരിയാണ് ഇതര സംസ്ഥാനത്തു നിന്നും പോത്തുകളെ ലോറിയിൽ കൊണ്ടു വന്നത്. വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വാഹനം നിർത്തി പോത്തുകളെ ഇറക്കുന്നതിനിടെ ഒരു പോത്ത് ഇടഞ്ഞ് റോഡിലൂടെ ഓടുകയായിരുന്നു റോഡിലൂടെ ഓടിയ പോത്തിൽനിന്ന്‌ രക്ഷപ്പെടാൻ കാൽനടയാത്രക്കാരും വാഹനങ്ങളിലെത്തിയവരും ഓടിമാറുകയായിരുന്നു.

ഇതോടെ കശാപ്പ്ശാലയെ തൊഴിലാളികളും പോത്തിന് പിറകേ കൂടി. പോത്ത് കുഴിയഞ്ചാലിൽ നിന്നും പാറേൽ പള്ളി ഭാഗത്ത് ഓടി എത്തി വെള്ളാമറ്റം പാടത്തെ കപ്പതോട്ടത്തിലേക്ക്‌ കയറി. പോത്തിന്റെ ആക്രമണത്തിൽ നിന്നും പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നു പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ പറഞ്ഞു. സംഭവം അറിഞ്ഞ് കടുത്തുരുത്തിയിൽ നിന്നും അഗ്നിശമന സേനയും സ്ഥലത്ത് എത്തി. ഇതോടെ പോത്ത് പലരെയും ആക്രമിച്ചതായി നാട്ടിൽ ഭീതി പരത്തുന്ന കഥകളും പരന്നു. പോത്തിനെ അനുനയിപ്പിച്ച് പിടിച്ചു കെട്ടാൻ കശാപ്പ്കാരും അഗ്നിശമന സേനയും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഒടുവിൽ പാടത്തിനു നടുവിൽ ഇടഞ്ഞു നിന്ന പോത്തിനെ അനുനയിപ്പിക്കാൻ കോതനല്ലൂരിൽ നിന്നും ലോറിയിൽ ഒരു എരുമയെ എത്തിച്ച് പോത്തിനരികിലേക്ക് അഴിച്ചു വീട്ടു. എരുമയെ കണ്ടതോടെ പോത്ത് എരുമയുടെ പിന്നാലെ കൂടുകയും പോത്തിനെ വരുതിയിലാക്കി പിടിച്ചു കെട്ടി വാഹനത്തിൽ കയറ്റുകയായിരുന്നു. കശാപ്പുശാലകളിലേക്ക് ഇതര സംസ്ഥാനത്തു നിന്നും വാഹനത്തിൽ കൊണ്ടു വരുന്ന ഉരുക്കളെ റോഡിൽ ഇറക്കുന്നത് പലപ്പോഴും വിരണ്ടോടുന്നതിനും ആളുകളെ ആക്രമിക്കുന്നതിനും കാരണമാകുന്നുണ്ട്.