സ്പീക്കർ രാജിവെക്കേണ്ട; ചെന്നിത്തലയുടെ ആവശ്യത്തെ തള്ളി പിജെ കുര്യന്‍

single-img
1 January 2021

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പേരില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലിരിക്കുന്ന ഒരാളുടെ മൊഴിക്ക് പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്ന് പറയാന്‍ പറ്റില്ല.

അങ്ങിനെയിരിക്കെ അതിന്റെ പേരില്‍ സ്പീക്കര്‍ പദവി രാജിവെക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കുര്യന്‍ ഇന്ന് വ്യക്തമാക്കി. ഭരണഘടനപദവിയിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കസ്റ്റംസ് നടപടി തെറ്റാണെന്നും മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ കുര്യന്‍ പറഞ്ഞു.

‘കസ്റ്റഡിയിലിരിക്കുന്ന ഒരു പ്രതി നല്‍കിയ മൊഴിയുടെ പേരില്‍ മാത്രം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാന്‍ നോട്ടീസയച്ച് വിളിച്ച് വരുത്തുന്ന രീതി ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല’ കുര്യന്‍ പറഞ്ഞു.