കോവിഡിനിടയിലൂടെ സ്‌കൂള്‍മുറ്റത്തേക്കു ചുവടുവയ്‌ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങൾ

single-img
1 January 2021

ജനുവരി ആദ്യവാരത്തോടെ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും കോളജ്‌തല ക്ലാസുകളും തുറക്കുന്ന സാഹചര്യത്തിൽ. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാര്‍ഥികളാരും പേടിച്ചു സ്‌കൂളിലെത്താതിരിക്കരുത്‌. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്‌. ആത്മവിശ്വാസത്തോടെ ഒരധ്യയന വര്‍ഷം വൈകിയെങ്കിലും നമുക്കാരംഭിക്കാം”

കൂട്ടംകൂടരുത്‌. ഉച്ചത്തില്‍ മിണ്ടിപ്പോകരുത്‌. ചിരിക്കാനും പാടില്ല… പുതുവര്‍ഷപ്പുലരിയില്‍ കോവിഡിനിടയിലൂടെ സ്‌കൂള്‍മുറ്റത്തേക്കു ചുവടുവയ്‌ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശമാണിത്‌. പേനയും പെന്‍സിലുമൊക്കെ അപ്പുറത്തിരിക്കുന്നവന്റെ കൈയില്‍നിന്നു വാങ്ങാമെന്ന ചിന്ത വേണ്ടേ വേണ്ട. പേന പോയിട്ട്‌ പച്ചവെള്ളം പോലും കൈമാറരുതെന്നും അധികൃതര്‍.

മറ്റ്‌ പ്രധാന നിര്‍ദേശങ്ങള്‍:

ഓരോ കുട്ടിയും കുടിവെളളം കുപ്പിയില്‍ കരുതണം. ഭക്ഷണമോ പുസ്‌തകമോ ഒന്നും കൈമാറരുത്‌.

മുഖത്തിനനുസരിച്ച്‌ വലിപ്പമുള്ള മാസ്‌കുകള്‍ വയ്‌ക്കണം. മാസ്‌ക്‌ താഴ്‌ത്തി സംസാരം വേണ്ട.

ഭക്ഷണസമയത്തും സംസാരം വേണ്ട. 2 മീറ്റര്‍ അകലം നിര്‍ബന്ധം.

പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയയുള്ളവരും രോഗീസമ്പര്‍ക്കത്തിലുള്ളവരും ക്ലാസിനു വരേണ്ട. വന്നാല്‍ അടുത്തുളള സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശയുമായോ (1056, 0471 2552056) ബന്ധപ്പെടുക.

മൂക്ക്‌, വായ, കണ്ണ്‌ എന്നിവയില്‍ തൊടരുത്‌.

ഉപയോഗിച്ച മാസ്‌കുകള്‍, കൈയുറകള്‍, ഭക്ഷണാവശിഷ്‌ടങ്ങള്‍ വലിച്ചെറിയരുത്‌.

ജനാലകളും വാതിലുകളും തുറന്നിടണം.

ഇടയ്‌ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം. ടോയ്‌ലറ്റുകളില്‍ പോയശേഷം പ്രത്യേകിച്ചും.

പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ്‌ സെല്‍ പ്ലാന്‍ തയാറാക്കി ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ ദിവസേന റിപ്പോര്‍ട്ട്‌ നല്‍കണം

വീട്ടിലെത്തിക്കഴിഞ്ഞാല്‍

കുളിച്ചു വൃത്തിയായശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

മാസ്‌കും വസ്‌ത്രങ്ങളും വലിച്ചെറിയരുത്‌.

തുണിമാസ്‌കാണെങ്കില്‍ കഴുകി ഉണക്കി ഇസ്‌തിരിയിടണം.

വയോജനങ്ങളുമായും ചെറിയ കുട്ടികളുമായും അസുഖമുള്ളവരുമായും അടുപ്പം വേണ്ട.