അഴിമതിമുക്ത കേരളം ലക്‌ഷ്യം; വിദ്യാർത്ഥികള്‍ക്കും വയോജനങ്ങള്‍ക്കും സഹായം; പത്തിന പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

single-img
1 January 2021

സംസ്ഥാനത്ത് അഴിമതികൾക്കെതിരെ അഴിമതിമുക്ത കേരളം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇതോടൊപ്പം സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ കൂടി അദ്ദേഹം പത്ര സമ്മേളനത്തിൽ ഇന്ന് പ്രഖ്യാപിച്ചു. അഴിമതിയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് പരാതിപ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് അഴിമതിമുക്ത കേരളം നടപ്പാക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ഈ പദ്ധതി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഓൺലൈനായി സേവനങ്ങൾക്ക് അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി സമാന്തര സംവിധാനവും ഒരുക്കിയിട്ടുണ്ട്. വീടുകളിലെത്തി പരാതികൾ സ്വീകരിച്ച് അധികാരികളിലേക്ക് എത്തിച്ച് തുടർ നടപടികൾ അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന് സാമൂഹ്യ സന്നദ്ധ സേനാം​ഗങ്ങളുടെ സേവനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിനിയോ​ഗിക്കും.

മറ്റുള്ളവരുടെ സഹായമില്ലാതെ താമസിക്കുന്ന 65 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, എന്നിവരുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആ പ്രദേശത്തെ സന്നദ്ധ സേനാം​ഗങ്ങളെ അറിയിക്കും. ഭവന സന്ദർശനത്തിലൂടെ മേൽപറഞ്ഞ സേവനങ്ങൾ ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച്, അവ ലഭ്യമാക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കും. ജനുവരി 15 ന് പദ്ധതി തുടങ്ങും.

പ0ന താൽപര്യമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേകം പദ്ധതി ആവിഷ്കരിച്ചു. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കായി വിവിധ രംഗത്തെ പ്രമുഖരുമായി ആശയ വിനിമയം നടത്താൻ പദ്ധതി രൂപീകരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിരുദം നല്ല മാർക്കോടെ പാസാകുന്നവർക്ക് ഒരു ലക്ഷം രൂപ നൽകും. വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ താഴെ നിൽക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബാങ്ക് അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുക.

കുട്ടികളുടെ ഇടയിലെ ആത്മഹത്യ തടയാൻ സ്കൂൾ കൗൺസിലർമാരുടെ എണ്ണം ഇരട്ടിയാക്കും.വിവിധ തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി കൗൺസിലിംഗ് ഏർപ്പെടുത്തും. കുട്ടികളുടെ ഇടയിലെ അനീമിയ രോഗം തടയാൻ പോഷകാഹാരം ലഭ്യമാക്കാൻ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 15ന് മുമ്പ് കുട്ടികളുടെ പരിശോധന പൂർത്തിയാക്കും.

പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം തടയാൻ പദ്ധതി’ പ്രീ ഫാബ് ഉപയോഗിച്ചുള്ള ഗാർഹിക നിർമ്മാണങ്ങൾക്ക് കെട്ടിട നികുതിയിൽ ഇളവ് നൽകു. പ്രാദേശിക തലത്തിൽ പ്രഭാത സായാഹ്ന സവാരിക്കും കുട്ടികൾക്ക് കളിക്കാനും പൊതു ഇടങ്ങൾ സൃഷ്ടിക്കും. ഒരു വർഷത്തിനുള്ളിൽ എല്ലാ വില്ലേജുകളിലും പൊതു ഇടങ്ങളുണ്ടാക്കും. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ തിരിച്ചറിയാൻ സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതി ഒരുക്കും.