16-കാരിയെ നിർബന്ധിച്ചു വിവാഹം കഴിച്ച 56 കാരൻ മലയാളി ഒളിവിൽ; പീഡനത്തിന് കേസെടുത്തു പോലീസ്

single-img
1 January 2021

ഹൈദരാബാദിൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി കേരളത്തില്‍ നിന്നുള്ള 56 കാരനെ വിവാഹം കഴിച്ച 16 കാരിയെ രക്ഷപ്പെടുത്തി പൊലീസ്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പൊലീസിന്റെ നീക്കം. ബന്ധുവായ യുവതി ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് രണ്ട് ഇടനിലക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത് നല്‍കിയത്. അതേസമയം, പെൺകുട്ടിയെ വിവാഹം കഴിച്ച 56-കാരനായ മലയാളി ഒളിവിലാണ്.

പെൺകുട്ടിയുടെ ബന്ധുവായ ഹൂറുന്നിസയാണ് വിവാഹം നടത്താൻ മുൻകൈയെടുത്തത്. മലയാളിയായ അബ്ദുൾ ലത്തീഫ് പറമ്പനിൽ നിന്ന് 2.5 ലക്ഷം രൂപ വാങ്ങിയാണ് ഇവർ വിവാഹം നടത്തികൊടുത്തത്. ഇതിൽ 1.5 ലക്ഷം രൂപ ഹൂറുന്നിസ സ്വന്തമാക്കി. ബാക്കി തുക ഇടനിലക്കാരായ അബ്ദുൾ റഹ്മാനും വസീം ഖാനും വിവാഹത്തിന് കാർമികത്വം വഹിച്ച മതപുരോഹിതനായ മുഹമ്മദ് ബദിയുദ്ദീൻ ഖാദിരിക്കും വീതിച്ചുനൽകി. ഇവർ നാല് പേരടക്കം ആറ് പേരെയാണ് നിലവിൽ പിടികൂടിയിട്ടുള്ളതെന്നാണ് പോലീസ് നൽകുന്നവിവരം.

പെൺകുട്ടിയെ വിവാഹം കഴിച്ച അബ്ദുൾ ലത്തീഫ് പറമ്പനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. ശൈശവ വിവാഹ നിരോധന നിയമത്തിന് പുറമേ പോക്സോ നിയമപ്രകാരവും പീഡനത്തിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. 16 കാരിയെ വിവാഹം ചെയ്ത് നല്‍കാന്‍ അവളുടെ പ്രായപൂര്‍ത്തിയായ ചേച്ചിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതിന് ഹൂറുന്നീസയ്‌ക്കെതിരെ വഞ്ചന കേസും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ല, അച്ഛന്‍ കിടപ്പിലാണ്. കുട്ടിയുടെ ബന്ധു പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്.